ന്യൂഡൽഹി: കേരളത്തിൽ തൊഴിലില്ലായ്മ നിരക്കിൽ വർധന. 2022-23 ൽ എഴു ശതമാനമായിരുന്ന നിരക്ക് 2023-24 ൽ 7.2 ശതമാനമായി ഉയർന്നതായി കേന്ദ്ര സർക്കാരിന്റെ ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് പറയുന്നു. 2017 മുതൽ 2022 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ രണ്ട് വർഷത്തെ നിരക്ക് കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗോവ(8.5%)കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനം കേരളമാണ്. 15 മുതൽ 29 വയസ് വരെയുള്ളവർക്കിടയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനവും കേരളമാണ്(29.9%).രാജ്യത്ത് 2023-24-ലും 15 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി തുടരുന്നു. കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമാണ്. അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്- 3.5 ശതമാനം, കർണാടക- 2.7, ആന്ധ്രപ്രദേശ്- 4.1 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. കേരളം കഴിഞ്ഞാൽ തൊഴിലില്ലായ്മയിൽ നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നി സംസ്ഥാനമാണ് തൊഴിലില്ലായ്മയിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ.
അതെസമയം പിഎൽഎഫ്എസ് അനുസരിച്ച് മധ്യപ്രദേശിലാണ് ഏറ്റവും കുറഞ്ഞ യുവജന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് ആണ് തൊട്ടുപിന്നിൽ. ലക്ഷദ്വീപും ആൻഡമാൻ നിക്കോബാർ ദ്വീപുകളുമാണ് കേന്ദ്രഭരണ പ്രദേശങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മയിൽ ഏറ്റവും മുന്നിലുള്ളത്.ലക്ഷദ്വീപിൽ 36.2 ശതമാനവും ആൻഡമാനിൽ 33.6 ശതമാനവുമാണ് യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക്. ലക്ഷദ്വീപിൽ 15 മുതൽ 29 വരെ പ്രായപരിധിയിലുള്ള സ്ത്രീകളിൽ 79.7 ശതമാനവും തൊഴിലില്ലാത്തവരാണ്. രാജ്യത്ത് സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലില്ലായ്മ നിരക്ക് മുൻ വർഷത്തെക്കാൾ ഉയർന്നതായാണ് സർവേ ഫലങ്ങൾ.
രാജ്യത്ത് സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലില്ലായ്മ നിരക്ക് മുൻ വർഷത്തെക്കാൾ ഉയർന്നതായാണ് സർവേ ഫലങ്ങൾ. രാജ്യത്ത് 15-നും 29-നും ഇടയിൽ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തിൽ നിന്നും 10.2 ശതമാനത്തിലേക്ക് ഉയർന്നതായും റിപ്പോർട്ട് പറയുന്നു.