കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതിയ്ക്ക് ആറുമാസത്തേക്കുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മാസം 15,000 രൂപ വീതം നല്‍കാമെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ അറിയിച്ചു. ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. വയനാടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും പിന്നീട് വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയുടെ വേദന കേരളം ഏറ്റെടുത്തിരുന്നു.
'ആറ് മാസത്തേക്കുള്ള ശ്രുതിയുടെ വീട്ടിലെ ചിലവുകള്‍ക്കായി 15,000 രൂപ എല്ലാ മാസവും എത്തിക്കാനുള്ള സംവിധാനം ചെയ്യാം. മാസം 15,000 രൂപ അവരുടെ അക്കൗണ്ടില്‍ ഇട്ടുകൊടുക്കാം. അതിനപ്പുറം എന്തെങ്കിലും ആവശ്യം ശ്രുതിക്കുണ്ടെങ്കില്‍ അതും ചെയ്യാന്‍ തയ്യാറാണ്', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന 300 രൂപ മാത്രമാണ് ചെറിയ വരുമാനമായിട്ടുള്ളത്. ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല. സഹോദരങ്ങളുടെ ജോലിയും നഷ്ടപ്പെട്ടിരുന്നു.
കല്‍പ്പറ്റയില്‍ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തിലായിരുന്നു ശ്രുതിക്കും പ്രതിശ്രുത വരന്‍ ജെന്‍സനും അടക്കം പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച വാനില്‍ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. ജെന്‍സണിന്റെ ഒപ്പം മുന്‍ സീറ്റിലായിരുന്നു ശ്രുതി ഇരുന്നിരുന്നത്. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജെന്‍സന്‍ പിന്നീട് മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന ശ്രുതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രി വിട്ടത്. ശ്രുതിയുടെ രണ്ട് കാലിലും ഫ്രാക്ച്ചര്‍ ഉള്ളതിനാല്‍ നടക്കാന്‍ സാധിക്കില്ല.