തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് അക്രമത്തിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐഎമും ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം മുപ്പതോളം വരുന്ന സംഘമാണ് ഡിവൈഎഫ്ഐ, സിപിഐഎം പ്രവർത്തകർക്കെതിരെ അക്രമം നടത്തിയത്. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡണ്ട് സുഹൈൽ ബിൻ അൻവർ ആണ് അക്രമത്തിന് നേതൃത്വം നൽകിയത്. അക്രമത്തിൽ എട്ടോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
അക്രമത്തിൽ പരിക്കേറ്റ സിപിഐഎം നഗരൂർ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നഗരൂർ മുൻ മേഖലാ പ്രസിഡണ്ടുമായ അഫ്സൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അക്രമത്തിൽ പരിക്കേറ്റവരെ സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് സന്ദർശിച്ചു. അക്രമം നടത്തുന്ന ഗുണ്ടാസംഘത്തിന് നേരെ കോൺഗ്രസ് നടപടി സ്വീകരിക്കണമെന്നും, ഇല്ലെങ്കിൽ ഭാവിയിൽ കോൺഗ്രസിന് തന്നെ പ്രശ്നമാകുമെന്നും വി ജോയ് പറഞ്ഞു.