കോഴിക്കോട്: തോമസ് കെ തോമസിനെതിരായ കോഴ ആരോപണത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി വനംമന്ത്രി എ കെ ശശീന്ദ്രൻ. ആരോപണം താൻ അന്വേഷിച്ചിട്ടില്ലെന്നും പരിശോധിച്ച് പറയാമെന്നുമായിരുന്നു ശശീന്ദ്രൻ പറഞ്ഞു. അന്വേഷണം നടത്തണമോ വേണ്ടയോ എന്നത് പാർട്ടി തീരുമാനിക്കും. കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയാൽ തോമസ് കെ തോമസ് കുറ്റക്കാരൻ എന്നുതന്നെ പറയും. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഏത് ദിവസമാണോ രാജിക്കത്ത് നൽകേണ്ടത്, അന്ന് കത്ത് നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചർച്ച വേണ്ടെന്നാണ് പാർട്ടിയുടെ ധാരണ. ശേഷം പി സി ചാക്കോ എപ്പോൾ ആവശ്യപ്പെട്ടാലും രാജിവെക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, മന്ത്രിസ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് വനംമന്ത്രി എ കെ ശശീന്ദ്രന് എൻസിപി അന്ത്യശാസനം നൽകി. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജിവയ്ക്കണമെന്നും ദേശീയ അധ്യക്ഷന്റെ നിലപാട് അന്തിമമെന്നും പി സി ചാക്കോ മുന്നറിയിപ്പ് നൽകി.
എറണാകുളത്ത് ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ നിലപാട് കടുപ്പിച്ചത്. മുഴുവൻ ജില്ലാ ഭാരവാഹികളും പ്രധാനപ്പെട്ട നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് ശശീന്ദ്രന് നേരെ അന്ത്യശാസനം ഉയർന്നുവന്നത്. ശരദ് പവാറിന്റെ നിലപാട് അന്തിമമെന്ന് പറഞ്ഞ പി സി ചാക്കോ പകരം മന്ത്രിസ്ഥാനം അനുവദിച്ചില്ലെങ്കിലും ശശീന്ദ്രൻ രാജിവയ്ക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.