പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു യെച്ചൂരിയുടെത്: സതീശന്‍

കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരി. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിലും യെച്ചൂരിയുടെ കയ്യൊപ്പുണ്ട്.

author-image
Prana
New Update
sitharam yechuri
Listen to this article
0.75x 1x 1.5x
00:00 / 00:00

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ അടിയുറച്ച് നില്‍ക്കുമ്പോഴും പ്രായോഗികതയുള്ള രാഷ്ട്രീയ സമീപനമായിരുന്നു സീതാറാം യെച്ചൂരിയുടെത്. സൈദ്ധാന്തിക കടുംപിടുത്തങ്ങള്‍ക്കും അപ്പുറം രാഷ്ട്രീയത്തിലെ പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കിയ നേതാവായിരുന്നു യെച്ചൂരിയെന്നും വി.ഡി സതീശന്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടാതെയും ഇന്ത്യ എന്ന ആശയത്തെ നിലനിര്‍ത്തിയും മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാനാകൂവെന്ന് യെച്ചൂരി അടിയുറച്ച് വിശ്വസിച്ചു. അതില്‍ കോണ്‍ഗ്രസിന്റെ നേതൃപരമായ പങ്കിനെ കുറിച്ച് യെച്ചൂരിക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. കൃത്യമായും വ്യക്തമായും ആ രാഷ്ട്രീയ സമീപനം യെച്ചൂരി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരിക്കുമ്പോഴും നിലപാടിലെ കാര്‍ക്കശ്യം അദ്ദേഹം തുടര്‍ച്ചയായി ബോധ്യപ്പെടുത്തി കൊണ്ടിരുന്നു. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന് ശേഷം രാജ്യം വലിയ തോതില്‍ ശ്രദ്ധിച്ച സിപിഎം ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു സീതാറാം യെച്ചൂരിയെന്നും സതീശന്‍ അനുസ്മരിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഊഷ്മളമായ ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരി. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിലും യെച്ചൂരിയുടെ കയ്യൊപ്പുണ്ട്. തിനിക്ക് വ്യക്തിപരമായി അടുത്ത് പരിചയമുള്ള നേതാവ് കൂടിയാണ് യെച്ചൂരി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്ന് വി.ഡി സതീശന്‍ നല്‍കിയ അനുസ്മരണ സന്ദേശത്തില്‍ പറയുന്നു.

v d satheesan