കൊൽക്കത്തയിലെ ബലാത്സംഗ സംഭവത്തിന് പിന്നാലെ പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് അസമിലെ സിൽച്ചാർ മെഡിക്കൽ കോളജ്. മെഡിക്കൽ കോളേജിലെ പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്നും അനാവശ്യമായ ശ്രദ്ധ ആകർഷിക്കരുതെന്നുമടങ്ങിയ നിർദേശങ്ങളായിരുന്നു ഉത്തരവിൽ ഉണ്ടായിരുന്നത്. ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയത്.
വനിതാ ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും എല്ലാ ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഉത്തരവുകളെനന്നായിരുന്നു സിൽച്ചാർ മെഡിക്കൽ കോളേജിന്റെ വിശദീകരണം. ആർജി കാർ മെഡിക്കൽ കോളേജിൽ അടുത്തിടെയുണ്ടായ അതിദാരുണമായ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് സിൽചാർ മെഡിക്കൽ കോളേജ് നിർദ്ദേശവുമായി രംഗത്തെത്തിയത്.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് സിൽച്ചാർ മെഡിക്കൽ കോളേജ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാർത്ഥിനികളോട് അനാവശ്യ ശ്രദ്ധ ആകർഷിക്കരുതെന്നും വെളിച്ചക്കുറവും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഉത്തരവിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് മെഡിക്കൽ കോളേജിനെതിരെ ഉയരുന്നത്. ‘സ്ത്രീവിരുദ്ധത’ എന്നാണ് ഉത്തരവിനെതിരെ ഉയരുന്ന ആരോപണം.‘സ്ത്രീവിരുദ്ധ’ നിർദേശങ്ങളെന്നാരോപിച്ച് സിൽചാർ മെഡിക്കൽ കോളേജിനെ ട്രോളി നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ വിവാദ ഉത്തരവ് കോളേജ് അധികൃതർ റദ്ധാക്കിയത്.
വനിതാ ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും പൊതുവെ ഒറ്റപ്പെട്ടതും വെളിച്ചക്കുറവുള്ളതും ജനസാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങൾ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വനിതാ ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും ഒറ്റയ്ക്കിരിക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. അത്യാവശ്യമല്ലാതെ രാത്രി സമയങ്ങളിൽ ഹോസ്റ്റലിൽ നിന്നോ താമസ മുറികളിൽ നിന്നോ പുറത്തിറങ്ങുന്നത് ഒഴിവാക്കുക, ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി വിവരം അറിയിക്കുക. വൈകിയോ ഒറ്റപ്പെട്ട സമയത്തോ കാമ്പസിന് പുറത്ത് പോകുന്നത് ഒഴിവാക്കനാമെന്നും നിർദേശമുണ്ട്.