സ്ത്രീസംവരണം സാധ്യമല്ല, തുല്യവേതനം അപ്രായോഗികം: കെഎഫ്പിഎ

ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ക്കെതിരെ ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍. സിനിമാ മേഖലയില്‍ സജീവ സാന്നിധ്യമുള്ളവര്‍ കമ്മിറ്റിയിലില്ലെന്ന് ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ വിമര്‍ശിച്ചു.

author-image
Prana
New Update
kfpa
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ക്കെതിരെ ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍. സിനിമാ മേഖലയില്‍ സജീവ സാന്നിധ്യമുള്ളവര്‍ കമ്മിറ്റിയിലില്ലെന്ന് ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ വിമര്‍ശിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഡബ്ബിങ്ങും ലൂസിഫര്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങും മാത്രമാണ് കമ്മിറ്റി നിരീക്ഷിച്ചതെന്നും അവര്‍ പറഞ്ഞു. സിനിമ സെറ്റുകളില്‍ ഐസിസി രൂപീകരിക്കാറുണ്ടെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ വ്യക്തമാക്കി.

സര്‍ഗാത്മക ജോലികളില്‍ തുല്യവേതനം അപ്രായോഗികമാണെന്നും െ്രെഡവര്‍മാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സംവരണം നടപ്പാക്കാന്‍ കഴിയില്ലെന്നും സിനിമ െ്രെടബ്യൂണല്‍ എന്ന നിര്‍ദേശത്തിന് പ്രസക്തി ഇല്ലെന്നും പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ചിനെ സജ്ജീകരിച്ചു. വനിതാ ജഡ്ജിമാര്‍ അംഗങ്ങളായ പ്രത്യേക ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. ശോഭ അന്നമ്മ ഈപ്പന്‍, സോഫി തോമസ്, എം ബി സ്‌നേഹലത, സി എസ് സുധ എന്നിവരാണ് നിലവിലെ വനിതാ ജഡ്ജിമാര്‍. ഇവരില്‍ നിന്ന് പ്രത്യേക ബെഞ്ചിനെ തെരഞ്ഞെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയാണ് കോടതിക്ക് കൈമാറുക.

2017ല്‍ നടിയെ അക്രമിച്ച സംഭവത്തിന് ശേഷം മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. റിപ്പോര്‍ട്ടിന് പിന്നാലെ നിരവധി പേരാണ് സിനിമാ മേഖലയിലെ അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയത്.

 

hema committee report Kerala film producers association