തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള വെടിവെപ്പിൽ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. അക്രമി ഷിനിയെ തന്നെ കാണണമെന്ന് നിർബന്ധം പിടിച്ചുവെന്നാണ് വീട്ടുകാരുടെ മൊഴി.
രണ്ട് തവണ വെടിവച്ചു. എന്താണ് വെടിവെക്കാൻ ഉപയോഗിച്ച ഡിവൈസ് എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എയർഗൺ ആയിരിക്കാനാണ് സാധ്യതയെന്നാണ് നിഗമനം. ഷിനിയുടെ കൈക്ക് ചെറിയ പരിക്കാണ് ഉള്ളത്. വീട്ടുകാർ പറഞ്ഞത് അനുസരിച്ച് ശരീരം മുഴുവൻ മറച്ചാണ് അക്രമി എത്തിയത്.അന്വേഷണത്തിന് ശേഷം മാത്രമെ എന്തെങ്കിലും പറയാനാകുവെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
അതേസമയം അപ്രതീക്ഷിത ആക്രമണത്തിൻറെ ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും.ഷിനിയെ ചോദിച്ചാണ് അക്രമി വന്നതെന്ന് ഷിനിയുടെ ഭർതൃ പിതാവ് പറഞ്ഞു.രാവിലെ എട്ടരയോടെയാണ് വീട്ടിലെത്തി ബെല്ലടിച്ചത്. ഷിനി തന്നെ കൊറിയർ ഏറ്റുവാങ്ങി ഒപ്പിടണമെന്ന് നിർബന്ധിച്ചു. പെൻ ഇല്ലെന്നും അവർ പറഞ്ഞു. താൻ അകത്ത് പോയി പെൻ എടുത്ത് വരുന്നതിനിടെയാണ് ഷിനിക്കുനേരെ അക്രമം ഉണ്ടായത്. ഒരു തവണ കയ്യിലും രണ്ട് തവണ തറയിലും വെടിയുതിർത്തു. സ്ത്രീ തന്നെയാണ് വന്നതെന്നാണ് വീട്ടുകാരുടെ മൊഴി.
തിരുവനന്തപുരം വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് ഇന്ന് രാവിലെ അക്രമി ആക്രമിച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പൊലീസിനോട് പറഞ്ഞു.എൻആർഎച്ച്എം ജീവനക്കാരിയായ ഷിനിക്ക് വലുതു കൈക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഞ്ചിയൂർ പോസ്റ്റോഫീസിന് മുന്നിൽ ഷിനിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്.
ആമസോണിൽ നിന്നുള്ള കൊറിയർ നൽകാന്നെ പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനിയുടെ ഭർതൃപിതാവ് പാഴ്സൽ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി പാർസൽ നൽകിയില്ല. ഷിനി ഇറങ്ങി വന്നപ്പോൾ കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവർ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.