കണ്ണൂർ എഡിഎം നവീൻബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും രണ്ട് തട്ടിലെന്ന പ്രചരണം തെറ്റാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
അപ്രതീക്ഷിത മരണം കുടുംബത്തെ മാത്രമല്ല ബന്ധപ്പെട്ട എല്ലാവരെയും ദുഖത്തിലാഴ്ത്തിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നവീൻ ബാബുവിന്റെ ഭാര്യയോടും മക്കളോടും കാര്യങ്ങൾ ആരാഞ്ഞെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിയുടെ പിബി യോഗം നടക്കുന്ന സമയമായത് കൊണ്ട് അവിടെയാണുണ്ടായത്. അവിടെ നിന്നാണ് വിവരം അറിഞ്ഞത്. കുടുംബം വളരെയധികം പ്രയാസപ്പെടുന്ന സന്ദർഭമാണ്. അതുകൊണ്ടാണ് ഇന്ന് കുടുംബത്തെ സന്ദർശിക്കണമെന്ന് തീരുമാനിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഭാര്യയോടും മക്കളോടും കാര്യം ആരാഞ്ഞു. സർവതും നഷ്ടപ്പെട്ടു, അതിന്റെ ഭാഗമായ പരിരക്ഷ ലഭിക്കണം, ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണം എന്നാണ് കുടുംബം ആവശ്യപ്പെട്ടതെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ആ നിമിഷം മുതൽ ഇന്ന് വരെ പാർട്ടി ഒറ്റത്തട്ടിലാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. എന്താണോ അന്വേഷിച്ച് കണ്ടെത്തുന്നത് അത് അടിസ്ഥാനപ്പെടുത്തിയുള്ള നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് പറയുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.