പാലക്കാട്: സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസിൻറെ അധിക്ഷേപ പരാമർശത്തിനെതിരെ പരോക്ഷ വിമർശനവുമായി പി കെ ശ്രീമതി. ഒരാളെയും വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കരുത്. തന്നെ എത്രയോ തവണ മാധ്യമങ്ങൾ വിമർശിച്ചിച്ചിരിക്കുന്നു. എന്നിട്ടും താൻ ഒരിക്കലും മോശം പരാമർശം നടത്തിയിട്ടില്ലെന്ന് ശ്രീമതി പറഞ്ഞു.
"ഞാനിന്നേവരെ ചീത്ത വാക്ക് ഉപയോഗിക്കാത്ത ആളാണ്. എന്നെ എത്രയോ വിമർശിച്ച കേസുകളുണ്ട്. പത്രമാധ്യമങ്ങൾ എന്നെ കുത്തി കീറി മലർത്തി കൊന്നിട്ടുണ്ട്. പക്ഷേ ഞാൻ ചീത്ത വാക്ക് ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ല. ഇനി ഉപയോഗിക്കുകയുമില്ല. കൃഷ്ണദാസെന്താണ് പറഞ്ഞതെന്ന് എനിക്ക് അറിയില്ല" പി കെ ശ്രീമതി പറഞ്ഞു.
ഇറച്ചിക്ക് വേണ്ടി നിൽക്കുന്ന പട്ടികളെ പോലെ എന്നാണ് മാധ്യമങ്ങളെ കുറിച്ച് കൃഷ്ണദാസ് പറഞ്ഞതെന്ന് റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോൾ ശ്രീമതിയുടെ പ്രതികരണം ഇങ്ങനെ "ആരെയായാലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ പറയാൻ പാടില്ല എന്നാണ് പാർട്ടിയുടെ നിലപാട്. പക്ഷേ ഏത് സന്ദർഭത്തിലാണ് അദ്ദേഹത്തിൻറെ വായിൽ നിന്ന് വന്നത്, മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വന്നിട്ടുണ്ടോ എന്നതും അറിയണം. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഞാൻ അദ്ദേഹത്തോട് അന്വേഷിക്കട്ടെ."