കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം മനാഫിനെതിരെ നല്‍കിയ പരാതി പരിശോധിക്കുമെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കല്‍ കോളജ് എസിപി സി.ഉമേഷ്. മനാഫിന്റെ ലോറിയുടമ എന്ന യൂട്യൂബ് ചാനലും പരിശോധിക്കും. മനാഫ് ഏതെങ്കിലും വിധത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. മറിച്ചാണെങ്കില്‍ എഫ്‌ഐആറില്‍ നിന്നും മനാഫിനെ ഒഴിവാക്കും.
അര്‍ജുന്റെ കുടുംബം ആദ്യം നല്‍കിയ പരാതിയിലും മനാഫിന്റെ പേരുണ്ടായിരുന്നു. കുറച്ചു ദിവസങ്ങളിലായി കുടുംബം നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണമാണ്. തുടര്‍ന്നാണ് കുടുംബം പരാതി നല്‍കിയത്.
മനാഫിനെ കൂടാതെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും ഉള്‍പ്പെടുത്തിയാണ് പോലീസ് കേസെടുത്തത്. അര്‍ജുന്റെ കുടുംബാംഗങ്ങളെ മോശമായി ചിത്രീകരിച്ച സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കുമെന്നും കുടുംബത്തിന്റെ മൊഴി രേഖപെടുത്തുമെന്നും പോലീസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് കോഴിക്കോട് കമ്മീഷണര്‍ക്ക് അര്‍ജുന്റെ സഹോദരി പരാതി നല്‍കിയത്. കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. മനാഫിനെതിരെ കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്.
എന്നാല്‍, അര്‍ജുന്റെ കുടുംബത്തെ താന്‍ മോശമായി പറഞ്ഞിട്ടില്ലെന്നാണ് മനാഫിന്റെ വാദം. അര്‍ജുന്റെ കുടുംബത്തെ വൈകാരികമായി ചൂഷണം ചെയ്യരുതെന്നാണ് താന്‍ പറഞ്ഞതെന്നും മനാഫ് പറഞ്ഞു.