ബത്തേരി: വയനാട് ദേശീയ പാതയ്ക്ക് സമീപം വൻ കാട്ടുതീ. മൂലങ്കാവ് ദേശീയ പാതയോരത്തെ കാരശ്ശേരി വനത്തിലാണ് കാട്ടുതീ പടർന്നത്. തീപിടിത്തത്തിൽ മുളങ്കൂട്ടങ്ങൾ കൂട്ടത്തോടെ കത്തി നശിച്ചു. ഏക്കർ കണക്കിന് സ്ഥലങ്ങൾ അഗ്നിക്കിരയായി. ഫയർഫോഴ്സും വനംവകുപ്പും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.
ജനവാസ മേഖലയിലേക്ക് ഇതുവരെ തീ പടർന്നിട്ടില്ല. വനത്തിനുള്ളിലേക്കാണ് തീ പടർന്നുകയറുന്നത്. വനത്തിലെ അടിക്കാടുകളാണ് കത്തിയത്. സമീപത്തെ റബർ തോട്ടത്തിലേക്ക് തീ പടർന്നെങ്കിലും അതിനെ നിയന്ത്രിച്ചു. ഉച്ചയോടെയാണ് തീ ആളിപ്പടരാൻ തുടങ്ങിയത്.
തീ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.