കോഴിക്കോട്: താൻ എന്തിന് മാപ്പ് പറയണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആവശ്യത്തിന് നേരെ വടകര ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയുടെ ചോദ്യം. തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതു മധ്യത്തിലുണ്ട്. തനിക്കെതിരായ പ്രചാരണം ജനം തിരിച്ചറിഞ്ഞപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം എല്ലാ കാര്യങ്ങൾക്കും മറുപടി നൽകുമെന്നും കെകെ ശൈലജ പറഞ്ഞു.
വീഡിയോ വിവാദത്തില്‍ കെകെ ശൈലജ ഇരുപത്തിനാല് മണിക്കൂറിനകം വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്ന ഷാഫി പറമ്പിലിൻ്റെ നോട്ടീസിനോടായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തനിക്കെതിരെ ആരോപണമുന്നയിച്ചെന്നും ഷാഫി പറഞ്ഞിരുന്നു.
കെകെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണമാണ് ഷാഫി പറമ്പിലിന് നേരെ ഉയര്‍ന്നിരുന്നത്. തനിക്കെതിരായി മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് ഇത് അശ്ലീല വീഡിയോ ആണെന്ന് വരെയുള്ള പ്രചാരണങ്ങള്‍ പലയിടങ്ങളില്‍ നിന്നുമായി വന്നു. എന്നാല്‍ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ല, മുഖം വെട്ടിയൊട്ടിച്ച് വികൃതമാക്കിയ പോസ്റ്ററിനെ കുറിച്ചാണ് പറഞ്ഞതെന്നും ശൈലജ വ്യക്തമാക്കിയതോടെ, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മാപ്പ് പറയണമെന്ന നിലപാടുമായി ഷാഫി പറമ്പിൽ രംഗത്ത് വരികയായിരുന്നു.