കഴക്കൂട്ടം: 60 വർഷമായി നഗരസഭയിലെ പൗണ്ട്കടവ് വാർഡിലെ റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന 172 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കുമെന്ന നഗരസഭയുടെയും സർക്കാരിന്റെയും ഉറപ്പ് ഇതുവരെ നടപ്പിലായില്ല. റെയിൽവേ വികസനം വരുന്നതോടെ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് താമസക്കാർ. മുൻ സർക്കാരുകളുടെ കാലത്ത് ഇവർക്ക് പാർപ്പിട സമുച്ചയം ഒരുക്കാൻ പൗണ്ട്കടവിൽ സ്ഥലം ഏറ്റെടുത്തിരുന്നു. പിന്നീട് വന്ന സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പൊയെങ്കിലും അന്നത്തെ നഗരസഭ കൗൺസിൽ പൗണ്ട്കടവിൽ സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് റെയിൽവേ പുറമ്പോക്കിൽ കഴിയുന്നവർക്കായി കെട്ടിട സമുച്ചയം നിർമിക്കണമെന്ന് പ്രമേയം കൗൺസിൽ യോഗത്തിൽ പാസാക്കിയിരുന്നു.
എന്നാൽ ഈ സ്ഥലത്ത് മൾട്ടിപർപ്പസ് സ്റ്റേഡിയം നിർമിക്കാൻ ഒരുങ്ങുന്നതിനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. യുഡിഎഫ് ഭരണ കാലത്ത് ഇവിടെ പാസ്പോർട്ട് ഓഫിസ് ഉൾപ്പെടെ നടപ്പിലാക്കാൻ ശ്രമം നടന്നിരുന്നു. അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ടാണ് പാർപ്പിട പദ്ധതിക്കായി നീക്കിവച്ച സ്ഥലത്ത് മറ്റു പദ്ധതികൾ നടപ്പിലാക്കണ്ട എന്ന് തീരുമാനിച്ച് പാസ്പോർട്ട് ഓഫിസിനു വഴുതക്കാട് സ്ഥലം കണ്ടെത്തിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഈ സ്ഥലത്ത് ടെക്കികൾക്കായി വനിതാ ഹോസ്റ്റൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ വൻ ജനകീയ പ്രക്ഷോഭങ്ങൾ നടത്തി. തുടർന്ന് മുഖ്യമന്ത്രി പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോൾ ഇതേ സ്ഥലത്ത് മൾട്ടിപർപ്പസ് സ്‌റ്റേഡിയം നിർമിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും എന്ന് നാട്ടുകാർ. വേളി പൗണ്ടുകടവ് മുതൽ കഴക്കൂട്ടം വരെയുള്ള റെയിൽവേ ലൈനിനോട് ചേർന്ന് താമസിക്കുന്നവരാണ് ആശങ്കയുടെ നിഴലിൽ കഴിയുന്നത്. റെയിൽവേ കുടിഒഴിപ്പിക്കുമ്പോൾ 172 കുടുംബങ്ങളിലായി 400ൽ അധികം ആളുകളാണ് തെരുവിലിറങ്ങേണ്ടി വരുന്നത്.