മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ്; ഹാക്കിംഗ് സ്ഥിരീകരിക്കാനായില്ല

ഹാക്കിംഗ് നടന്നതായി കണ്ടെത്താനാകുന്നില്ലെന്നാണ് ഫോറന്‍സിക് റിപോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കി സിറ്റി പോലീസ് കമ്മീഷണര്‍, ഡി ജി പിക്ക് റിപോര്‍ട്ട് നല്‍കി. രണ്ട് പരിശോധനാ ഫലങ്ങള്‍ ചേര്‍ത്താണ് വസ്തുതാ റിപോര്‍ട്ട്.

author-image
Prana
New Update
whatsapp

 


ഹിന്ദു മല്ലു വാട്‌സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഹാക്കിംഗ് നടന്നതായി സ്ഥിരീകരിക്കാനാകാതെ റിപോര്‍ട്ട്. ഹാക്കിംഗ് നടന്നതായി കണ്ടെത്താനാകുന്നില്ലെന്നാണ് ഫോറന്‍സിക് റിപോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കി സിറ്റി പോലീസ് കമ്മീഷണര്‍, ഡി ജി പിക്ക് റിപോര്‍ട്ട് നല്‍കി. രണ്ട് പരിശോധനാ ഫലങ്ങള്‍ ചേര്‍ത്താണ് വസ്തുതാ റിപോര്‍ട്ട്.
ഈയിടെയാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്ന വിവരം പുറത്താകുന്നത്. സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തുടര്‍ന്നാണ് ഗ്രൂപ്പില്‍ ആഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഗോപാലകൃഷ്ണന്‍ മെസ്സേജ് അയക്കുന്നത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഇതുണ്ടായതെന്നുമായിരുന്നു വിശദീകരണം.
എന്നാല്‍, ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പിന്നീട് വ്യക്തമായി. ഹാക്കിങ് നടന്നിട്ടില്ലെന്ന് പൊലീസിന്റെ അന്വേഷണത്തിന് ഗൂഗിളും മെറ്റയും മറുപടി നല്‍കി. തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് ആരോ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു എന്നാണ് ഗോപാലകൃഷ്ണന്‍ വാദിച്ചിരുന്നത്.
നേരത്തെ, മതാടിസ്ഥാനത്തില്‍ ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്ന് തന്നെയാണെന്ന് വാട്‌സ്ആപ് മറുപടി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം അന്വേഷിക്കുന്ന പോലീസിന് ഗൂഗിളിന്റെയും മറുപടി ലഭിച്ചത്. തുടര്‍ന്ന് പോലീസിന്റെ കസ്റ്റഡിയിലുള്ള ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയായിരുന്നു.
വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. ഗ്രൂപ്പുകളുടെ സ്‌ക്രീന്‍ഷോട്ടെടുത്ത് കേന്ദ്ര ഡെപ്യൂട്ടേഷന് ഗോപാലകൃഷ്ണന്‍ ശ്രമം നടത്തിയെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ മാസം 30നാണ് 'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' എന്ന പേരില്‍ ഗോപാലകൃഷ്ണന്‍ അഡ്മിനായി വാട്‌സ്ആപ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്.

 

police hacking whatsapp forensic report