റോബോർട്ട് സ്ക്രീനിൽ തെളിഞ്ഞത് ജോയിയുടെ ശരീരഭാഗം അല്ലെന്ന് നിഗമനം. റോബോർട്ട് ക്യമറയിൽ പതിഞ്ഞത് ചാക്കിൽ കെട്ടി എറിഞ്ഞ മാലിന്യം ആണെന്ന് സ്ഥിരീകരിച്ചു. സ്‌കൂബാ സംഘം ടണലിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. രക്ഷാദൗത്യം 26 മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്‍റെ ക്യാമറയില്‍ ശരീരഭാഗം എന്നുതോന്നിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.
ടണലിൽ മാലിന്യ കൂമ്പാരമാണെന്നും ഇത് രക്ഷാദൗത്യത്തിന് തടസമാണെന്നും രക്ഷാ പ്രവർത്തകർ പറയുന്നു. മനുഷ്യ ശരീരം ആയിരിക്കുമോയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്‌കൂബാ സംഘം ടണലിൽ ഇറങ്ങി പരിശോധിച്ചത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വലിയ രക്ഷാപ്രവർത്തനമാണ് തമ്പാനൂരിൽ നടക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.