ഗുരുവായൂരിലെ കല്യാണമേളം; ​ഗുരുവായൂരിൽ ഇന്ന് റെക്കോർഡ് കല്യാണം

റെക്കോർഡ് കല്യാണത്തിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 6 മണ്ഡപങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പുലർച്ചെ നാലുമണി മുതൽ കല്യാണങ്ങൾ നടന്നു തുടങ്ങി.

author-image
Anagha Rajeev
New Update
guruvayur
Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: ഗുരുവായൂരിൽ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം. 351 കല്യാണങ്ങളാണ് ഇന്ന് നടക്കുന്നത്. റെക്കോർഡ് കല്യാണത്തിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 6 മണ്ഡപങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പുലർച്ചെ നാലുമണി മുതൽ കല്യാണങ്ങൾ നടന്നു തുടങ്ങി. ടോക്കൺ കൊടുത്താകും വധൂ വരന്മാരെ മണ്ഡപത്തിൽ കയറ്റുക. ദേവസ്വം സെക്യൂരിറ്റി ജീവനക്കാർക്ക് ഒപ്പം കൂടുതൽ പൊലീസിനെ നിയോഗിക്കും. റെക്കോർ‍ഡ് കല്യാണം നടക്കുന്നത് പ്രമാണിച്ച് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഉണ്ടാകില്ല എന്ന് ദേവസ്വം ബോർഡ്‌ അറിയിച്ചിട്ടുണ്ട്.

ചിങ്ങ മാസത്തിലെ ഏറ്റവും നല്ല മുഹൂർത്തമാണ് സെപ്റ്റംബർ  8 ന്. ഞായറാഴ്ച അവധിയും ഓണാഘോഷവും കൂടി ആകുന്നതോടെ  ഗുരുപവനപുരി അക്ഷരാർത്ഥത്തിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയിലാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോഡ് വിവാഹങ്ങൾ നടക്കുന്ന ഞായറാഴ്ച ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. താലികെട്ട് നടക്കുന്നതിന് തൊട്ടുമുമ്പ് വരെ ശീട്ടാക്കാൻ സൗകര്യമുള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഇത്രയും വിവാഹങ്ങൾ നടക്കുന്ന ദിവസം ഭക്തർ തിരക്കിലമർന്ന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഇത് മുൻകൂട്ടി കണ്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഭക്തർ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർഥിച്ചു. പുലർച്ചെ നാല് മുതൽ താലികെട്ട് ആരംഭിച്ചു.

താലികെട്ടിനായി ആറ് മണ്ഡപങ്ങൾ സജ്ജമാക്കി. താലികെട്ട് ചടങ്ങിന് കാർമികത്വം വഹിക്കാൻ ആറ് കോയ്മമാരെ നിയോഗിച്ചു. രണ്ട് മംഗളവാദ്യസംഘം ഉണ്ടാകും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലെ കൗണ്ടറിൽ നിന്ന് ടോക്കൺ വാങ്ങണം. ടോക്കൺ വാങ്ങിയാൽ പന്തലിൽ വിശ്രമിക്കണം. താലികെട്ട് ചടങ്ങിന്റെ ഊഴമെത്തുമ്പോൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കുക.

ഊഴമായാൽ മണ്ഡപത്തിലെത്തി താലികെട്ട് കഴിഞ്ഞ് തെക്കേ നട വഴി മടങ്ങണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല. വധൂ വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്ക് മാത്രമാണ് മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കുക. ദർശനത്തിനുള്ള ഭക്തരെ പുലർച്ചെ നിർമാല്യം മുതൽ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. ദർശനത്തിനുള്ള പൊതുവരി വടക്കേനടയിലൂടെ, പടിഞ്ഞാറേ കോർണർ വഴി ക്യൂ കോംപ്ലക്‌സിനകത്തേക്ക് കയറ്റി വിടും. ദർശനശേഷം പടിഞ്ഞാറേ നട വഴിയോ തെക്കേ തിടപ്പള്ളി വാതിൽ വഴിയോ പുറത്തുപോകണം.

ദീപസ്തംഭം വഴി തൊഴാനെത്തുന്നവരെ കിഴക്കേ നടയിലെ ക്യൂ കോംപ്ലക്‌സ് വഴി മാത്രം കടത്തിവിടും. കിഴക്കേനടയിലും മണ്ഡപങ്ങളുടെ സമീപത്തേക്കും ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. കൂടുതൽ സെക്യുരിറ്റി ജീവനക്കാരെ നിയോഗിക്കും. കൂടുതൽ പോലീസിന്റെ സേവനവും ഉറപ്പുവരുത്തും. കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ  കിഴക്കേ നടയിലെ ബഹുനില വാഹന പാർക്കിങ് സമുച്ചയത്തിന് പുറമെ, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനവും സജ്ജമാക്കും.

wedding Guruvayur Temple