തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിലെ ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം നടപ്പിലാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് ദിവസത്തെ സുരക്ഷയുടെ ഭാഗമായാണ് പുതിയ സംവിധാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ ബൂത്തുകളിലായിരിക്കും വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കുക. ഇവിടങ്ങളിലെ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ണമായും ചിത്രീകരിക്കും.
വടകര ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ ആറ്റിങ്ങലിലെ ഇരട്ടവോട്ട് സംബന്ധിച്ച വിഷയത്തിലും തീര്‍പ്പുണ്ടാക്കിയതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മണ്ഡലത്തില്‍ 1,72,000-ല്‍ അധികം ഇരട്ടവോട്ടുണ്ടെന്നായിരുന്നു ആരോപണം. ഇതില്‍ വിശദമായി ബൂത്തുതലത്തില്‍തന്നെ പരിശോധന നടത്തിയെന്നും 439 ഇരട്ട വോട്ടുകള്‍ നീക്കം ചെയ്തെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. മണ്ഡലത്തില്‍ 13.96 ലക്ഷം വോട്ടര്‍മാരാണുള്ളത്.