തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ താപനില രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും കൊല്ലം ജില്ലയിൽ 39°C വരെയും തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°C വരെയും കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36°C വരെയും ഈ ദിവസങ്ങളിൽ താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടാകും.
അതേസമയം മിക്ക ജില്ലകളിലും പകലിനു സമാനമായ ചൂടാണ് രാത്രിയിലും അനുഭവപ്പെടുന്നതെന്നാണ് വിവരം. ഈ ആഴ്ച അവസാനം തെക്കൻ കേരളത്തിൽ ഭേദപ്പെട്ട വേനൽമഴ ലഭിച്ചേക്കും. എന്നാൽ അടുത്ത മാസം മുതൽ ചൂട് കുറഞ്ഞേക്കും. എൽ നിനോ പ്രതിഭാസത്തിന്റെ ശക്തി കുറയുന്നതിനാലാണ് അടുത്ത മാസം മുതൽ ചൂട് കുറയാൻ കാരണം.