കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ പി ഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കാനുള്ള യുവതിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പമുണ്ട്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയുമായുള്ള പരാതി ഒത്തുതീര്‍പ്പായെന്ന് രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണയാണ്. അത് പരിഹരിച്ചു. യുവതിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല. ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം. പൊലീസ് ഇടപെടല്‍ മൂലം ഒരുമിച്ച് ജീവിക്കാനായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
യുവതിയുമായുള്ള തര്‍ക്കം സ്വകാര്യ സ്വഭാവമുള്ളതെന്നും ഇതിലുണ്ട്. രാഹുലുമായുള്ള തര്‍ക്കം പരിഹരിച്ചെന്നാണ് യുവതിയുടെ സത്യവാങ്മൂലത്തിലുള്ളത്. ഭര്‍ത്താവുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. പരാതി തുടരുന്നില്ല. മൊഴി നല്‍കേണ്ടി വന്നത് ബന്ധുക്കളുടെ അധികാര സ്വാധീനം മൂലമാണെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, രാഹുലിന്റെ പരാതിയില്‍ പൊലീസിന് ഹൈക്കോടതി നോട്ടീസ് നല്‍കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി. വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയതെന്നായിരുന്നു യുട്യൂബ് ചാനലിലൂടെയുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തല്‍. എന്നാൽ ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്നായിരുന്നു വീട്ടുകാരുടെ ആരോപണം. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ഡല്‍ഹിയിലേക്ക് തിരിച്ചുപോയിരുന്നു.
It was a misunderstanding, we want to live together says Rahul in court