'മാറ്റം അനിവാര്യം, സുരക്ഷിതമായ തൊഴിലിടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം'; കുറിപ്പുമായി ഡബ്ല്യു.സി.സി

'നോ' എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം '- ഡബ്ല്യു.സി.സി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

author-image
Greeshma Rakesh
New Update
wwc viral post

wcc

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ വിവിധ ചൂഷണങ്ങളെ കുറിച്ചുള്ള സ്ത്രീകളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ 'മാറ്റം അനിവാര്യം' എന്ന് സമൂഹമാധ്യമ കുറിപ്പുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യു.സി.സി (വിമൻ ഇൻ സിനിമ കലക്ടീവ്). 'മാറ്റം അനിവാര്യം. 'നോ' എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്- അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്- സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം '- ഡബ്ല്യു.സി.സി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

സിനിമയിലെ വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ ഡബ്ല്യു.സി.സിയുടെ നിവേദനത്തെ തുടർന്നാണ് 2017ൽ സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമ മേഖലയിൽ കടുത്ത ലൈംഗികാതിക്രമം നടക്കുന്നുവെന്ന കമ്മിറ്റി റിപ്പോർട്ട് കോളിളക്കമുണ്ടാക്കി. ഇതിന് പിന്നാലെ നിരവധി സ്ത്രീകളാണ് തങ്ങൾ അനുഭവിച്ച ചൂഷണങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയത്.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടിവന്നു. ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന നടി രേവതി സമ്പത്തിൻറെ ആരോപണത്തിൽ 'അമ്മ' ജനറൽ സെക്രട്ടറി സിദ്ദിഖിനും രാജിവെക്കേണ്ടിവന്നു. നടനും എം.എൽ.എയുമായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, സംവിധായകൻ തുളസീദാസ്, വി.കെ പ്രകാശ് തുടങ്ങി നിരവധി സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ആരോപണങ്ങളുയർന്നിരിക്കുകയാണ്.

ആരോപണങ്ങളിൽ അന്വേഷണത്തിനായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. നാല് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴംഗ അന്വേഷണ സംഘത്തെയാണ് കേസിൻറെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഐ.ജി സ്പർജൻ കുമാർ നേതൃത്വം നൽകുന്ന സംഘത്തിൽ ഡി.ഐ.ജി എസ്. അജിത ബീഗം, എ.ഐ.ജി ജി. പൂങ്കുഴലി, എസ്.പി മെറിൻ ജോസഫ്, ഐശ്വര്യ ഡോങ്ക്രെ എന്നിവരും മധുസൂദനൻ, വി. അജിത് എന്നിവരും ഉൾപ്പെടുന്നു.

 

 

 

 

 

 

 

women in cinema collective hema committee report WCC