മുണ്ടക്കൈ, ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയില്‍ നടത്തുന്ന തിരച്ചില്‍ തുടരും. കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ നേതൃത്വത്തില്‍ കുറ്റമറ്റ വിധത്തിലാണ് തിരച്ചില്‍ നടക്കുന്നതെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. ദുരന്തത്തില്‍ ഉള്‍പ്പെട്ട 118 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മണ്ണ് അടിഞ്ഞുകിടക്കുന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇനി കൂടുതലായും തിരച്ചില്‍ നടത്തുക. ഉള്‍വനത്തിലെ പാറയുടെ അരികുകളിലും പരിശോധന നടത്തും. വിവിധ സേനകളെ കൂടാതെ കഡാവര്‍ നായകളെ ഉപയോഗിച്ചും ഈ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തും. ഇരുട്ടുകുത്തി മുതല്‍ പരപ്പന്‍ പാറ വരെയുള്ള ഭാഗത്താണ് കൂടുതല്‍ തിരച്ചില്‍ ആവശ്യമുള്ളത്.
ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ 212 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ 173 ഉം ലഭിച്ചത് നിലമ്പൂര്‍ മേഖലയില്‍ നിന്നായിരുന്നു. ലഭിച്ച 231 മൃതദേഹങ്ങളില്‍ 80 എണ്ണം കണ്ടെടുത്തതും നിലമ്പൂര്‍ മേഖലയില്‍ നിന്നാണ്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെ, പനങ്കയം മുതല്‍ പൂക്കോട്ടുമണ്ണ വരെ, പൂക്കോട്ടുമണ്ണ മുതല്‍ ചാലിയാര്‍ മുക്ക് വരെ, ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ, കുമ്പളപ്പാറ മുതല്‍ പരപ്പന്‍പാറ വരെ തുടങ്ങി അഞ്ച് സെക്ടറുകളാക്കിയാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു.