വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി.
മമ്മൂട്ടി കെയര്‍ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സിപി സാലിയുടെ സി പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവാരണത്തിനായി വയനാട്ടിലേക്ക് പുറപ്പെടുന്നത്.
ആംബുലന്‍സ് സര്‍വീസ്, പ്രഥമ ശുശ്രൂഷ മരുന്നുകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍, ആവശ്യമായ പാത്രങ്ങള്‍, കുപ്പിവെള്ളം, കുടിവെള്ള ടാങ്കര്‍ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയര്‍ ആന്‍ഡ് ഷെയറും സിപി ട്രസ്റ്റും സംയുക്തമായി പുറപ്പെടുന്നത്.