വയനാട് തിരഞ്ഞെടുപ്പ്; മുന്നണികൾ ഇന്ന് യോ​ഗം ചേരും

സി പി ഐ ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതോടെ നാളെ മുതൽ ഔദ്യോഗിക തിരഞ്ഞെടുപ്പ് പരിപാടികൾ മണ്ഡലത്തിൽ ആരംഭിക്കാനാണ് തീരുമാനം.

author-image
anumol ps
New Update
ldf-udf

 

വയനാട്: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികൾ ആലോചിക്കാൻ എൽഡിഎഫും യുഡിഎഫും ഇന്ന് യോഗം ചേരും. എൽ ഡി എഫ് യോഗം രാവിലെ 11 മണിക്ക് സി പി ഐ എം ഏരിയ കമ്മറ്റി ഓഫീസിലാണ് ചേരുക. എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണനും കോഴിക്കോട്ടേയും വയനാട്ടിലേയും സി പി ഐ എം , സി പി ഐ നേതാക്കളും യോ​ഗത്തിൽ പങ്കെടുക്കും. സി പി ഐ ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതോടെ നാളെ മുതൽ ഔദ്യോഗിക തിരഞ്ഞെടുപ്പ് പരിപാടികൾ മണ്ഡലത്തിൽ ആരംഭിക്കാനാണ് തീരുമാനം.

വൈകിട്ട് 3 മണിക്ക് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന യുഡിഎഫ് യോഗത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ എം.കെ.രാഘവൻ എം.പി, വയനാട് ലോകസഭാ മണ്ഡലത്തിന് കീഴിലെ എം.എൽ എ മാർ, മലപ്പുറം,കോഴിക്കോട്, വയനാട് ഡി.സി.സി പ്രസിഡന്റുമാര്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റുമാര്, ഏഴ് നിയോജക മണ്ഡലങ്ങളുടെയും യു.ഡി.എഫ് ചെയര്മാന്മാര് എന്നിവരും പങ്കെടുക്കും.

പ്രിയങ്കാഗാന്ധി ആദ്യമായി മത്സരരംഗത്തേക്ക് എത്തുന്നുവെന്ന പ്രത്യേകതയാണ് വയനാട് ഉപതെരഞ്ഞെടുപ്പിനുള്ളത്. കഴിഞ്ഞ തവണ രാഹുൽഗാന്ധിക്ക് ലഭിച്ചതിനേക്കാൾ വോട്ടുകൾ നേടുക എന്നതാണ് യുഡിഎഫിന് മുന്നിലുള്ള വെല്ലുവിളി. മണ്ഡലത്തിൽ സ്വാധീനമുള്ള പിവി അൻവറിന്റെ നിലപാട് ഇടതുമുന്നണിക്ക് പ്രതിരോധമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വോട്ടുവിഹിതം ഉയർത്തുക എന്ന ദൗത്യമാണ് ബിജെപിയ്ക്ക് മുന്നിലുള്ളത്.

വയനാട് രണ്ടാം വീടെന്ന് പറഞ്ഞ രാഹുൽഗാന്ധി മണ്ഡലം വിട്ടൊഴിഞ്ഞതാണ് ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധം. മണ്ഡലത്തിലെ ജനതയെ ചതിച്ചുവെന്നാണ് പ്രചാരണത്തിലുടനീളം ഇടതുമുന്നണി ഉയർത്താൻ പോകുന്നത്. 

വയനാട് രണ്ടാം വീടെന്ന രാഹുൽഗാന്ധിയുടെ പ്രഖ്യാപനം ശരിവയ്ക്കുന്നതാണ് പ്രിയങ്കാഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വ്യക്തമാകുന്നതെന്നാണ് കോൺഗ്രസിൻറെ മറുപടി.കഴിഞ്ഞ തവണത്തേതിനേക്കാൾ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺ​ഗ്രസ് നേതൃത്വം.

cpm congress wayanad loksabha byelection