വയനാട്: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി അഞ്ചാം ദിവസവും തിരച്ചിൽ തുടരുന്നു. ദുരന്തത്തിൽ ഇതുവരെ 340 പേർക്കാണ് ജീവൻ നഷ്ടമായത്.ഇതിനകം 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് വിവിധ പ്രദേശങ്ങളിൽ നിന്നായി കണ്ടെടുത്തത്.സർക്കാർ കണക്കുകളനുസരിച്ച് 210 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.206 പേരെ ഇനിയും കണ്ടെത്താനുണ്ട്.ഇവർക്കായാണ് തിരച്ചിൽ തുടരുന്നത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്നത്തെ തെരച്ചിൽ.
ഇന്നലെ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയയെങ്കിലും ജീവൻറെ തുടിപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. ഏറെ നേരത്തെ തിരച്ചിൽ യാതൊന്നും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ദൗത്യസംഘംദൗത്യം അവസാനിപ്പിക്കുകയായിരുന്നു. റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്നും ശ്വാസത്തിൻറെ സിഗ്നൽ ലഭിച്ചത്. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും മാത്രം കണ്ടെടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തകർന്നു വീണ കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നു എന്നൊരു സൂചന ലഭിച്ചത്.
തുടർന്ന് രാത്രി വൈകിയും പരിശോധന നടത്താൻ രക്ഷാപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഫ്ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. എന്നാൽ 5 മണിക്കൂർ നേരത്തെ തിരച്ചിലിലും മനുഷ്യജീവന്റേതായ യാതൊന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ രക്ഷാപ്രവർത്തകർക്ക് ദൗത്യം താൽകാലികമായി അവസാനിപ്പിക്കുകയായിരുന്നു.