കണ്ണീർ‍പുഴയായി വയനാട്; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

ദുഃഖാചരണ കാലയളവിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടേണ്ടതും സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

author-image
Greeshma Rakesh
New Update
wayanad

wayanad landslide kerala government declares official mourning for two days

Listen to this article
0.75x 1x 1.5x
00:00 / 00:00


തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ ഇടങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.ഈ രണ്ടുദിവസവും  സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.ദുഃഖാചരണ കാലയളവിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടേണ്ടതും സർക്കാർ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.വയനാട്ടിലെ ദുരന്തത്തിൽ  അനേകം പേർക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിലും സർക്കാർ അതീവ ദുഃഖം രേഖപ്പെടുത്തി. 

അപകടത്തിൽ മരണം ഇതിനകം 93 കഴിഞ്ഞതായാണ് വിവരം.മേപ്പാടിക്കടുത്തുള്ള ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടലുകളുണ്ടായത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്. നിരവധിപേർ ദുരന്തമേഖലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.പരിക്കേറ്റ നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവിടെനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നതിനാൽ മണിക്കൂറുകൾ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താൻ സാധിച്ചത്. അവിടെയുണ്ടായ നാശനഷ്ടങ്ങളുടെ യഥാത്ഥചിത്രം ഇനിയും പുറംലോകത്ത് എത്തിയിട്ടില്ല.

ഉരുൾപൊട്ടലിൽപ്പെട്ട നിരവധിപേരുടെ മൃതദേഹങ്ങൾ കിലോമീറ്ററുകൾക്കപ്പുറം മലപ്പുറം നിലമ്പൂർ പോത്തുകല്ലിൽ ഒഴുകിയെത്തിയത് ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി. അം​ഗഭം​ഗം വന്ന നിലയിലായിരുന്നു പല മൃതദേഹങ്ങളും. ചാലിയാർ പുഴയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നും കണ്ടെത്തിയത് വയനാട്ടിൽ നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങളാണെന്നാണ് സൂചന.

വിവരമറിഞ്ഞ് ചൂരൽമലയിലെത്തിയ പൊലീസിനും ഫയർഫോഴ്‌സിനും ജനപ്രതിനിധികൾക്കും നടുക്കുന്ന കാഴ്ചകളാണ് കാണാൻ കഴിഞ്ഞത്. മുണ്ടകൈയിലേക്കുള്ള പാലം തകർന്നതിനാൽ പുലർച്ചെ രക്ഷാപ്രവർത്തകർക്കും മാധ്യമങ്ങൾക്കുമടക്കം അവിടേക്ക് പോകാൻ കഴിഞ്ഞില്ല. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) യുടെ 20 അംഗ സംഘത്തിന് മാത്രമാണ് ആദ്യഘട്ടത്തിൽ മുണ്ടകൈയിലേക്ക് പോകാൻ കഴിഞ്ഞത്.

അവിടുത്തെ രക്ഷാപ്രവർത്തനം സൈന്യം എത്തിയശേഷം മാത്രമെ കാര്യക്ഷമമായി നടത്താൻ കഴിയൂ എന്നാണ് പ്രതീക്ഷിക്കുന്നത്. സൈന്യത്തിന്റെ എൻജിനിയറിങ് ഗ്രൂപ്പും നേവിയുടെ റിവർ ക്രോസിങ് സംഘവും വയനാട്ടിൽ എത്തുന്നുണ്ട്. നാവികസേനയുടെ ഹെലിക്കോപ്റ്ററുകളെത്തിച്ച് ദുരന്തമുഖത്ത് കുടുങ്ങിയവരെ എയർലിഫ്റ്റ് ചെയ്യുന്നതിനുള്ള നീക്കം നേരത്തെതന്നെ തുടങ്ങിയെങ്കിലും കാലാവസ്ഥ പ്രതികൂലമായത് നീക്കങ്ങൾക്ക് തടസമായി.

 

kerala Wayanad landslide rescue mission