വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കണ്ടെത്തിയ മൃതദേഹങ്ങളിൽ തിരിച്ചറിയാൻ സാധിക്കാത്ത എട്ട് പേർക്ക് ഹാരിസൺ മലയാളത്തിൽ സർവ്വമത പ്രാർത്ഥനയോടെ ജന്മനാട് വിട നൽകി. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങൾ ഒരു വട്ടം കൂടി നേരിൽ കണ്ട് തങ്ങളുടെ ഉറ്റവർ ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടോ എന്ന് പരിശോധിക്കാനായി വിവിധ ഭാഗങ്ങളിൽ നിന്ന് ഉറ്റവരെ നഷ്ടപ്പെട്ട നിരവധി പേർ എത്തിയിരുന്നു
പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ സംസ്‌കാരം സർവ്വമത പ്രാർത്ഥനയോടെ നടന്നു. പുത്തുമലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനൽകിയ 64 സെന്റ് ഭൂമിയിലാണ് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട് തിരിച്ചറിയാൻ സാധിക്കാത്തവർക്ക് അന്ത്യവിശ്രമം.
ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ പുരോഹിതന്മാരുടെ പത്ത് മിനുട്ട് വീതം നീണ്ട പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു സംസ്‌കാരം നടന്നത്. സന്നദ്ധ സംഘടന പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
ഇതുവരെ തിരിച്ചറിയാൻ സാധിക്കാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങളാണ് ഹാരിസൺ മലയാളത്തിൽ സംസ്‌കരിച്ചത്. എകെ ശശീന്ദ്രൻ, എംബി രാജേഷ്, കെ രാജൻ തുടങ്ങിയ മന്ത്രിമാരും ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത് അന്ത്യോപചാരമർപ്പിച്ചു.