കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു.മന്ത്രിസഭാ ഉപസമിതിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളിൽ സ്ഥിരതാമസക്കാരുമായ ആളുകളിൽ ദുരന്തത്തിന് ശേഷം കാണാതായ 138 പേരെ ഉൾപ്പെടുത്തിയുള്ളതാണ് പട്ടിക.ദുരന്തബാധിത പ്രദേശങ്ങളിലെ റേഷൻ കാർഡ്, വോട്ടർ പട്ടിക തുടങ്ങിയ രേഖകൾ ഇതിനായി പരിശോധിച്ചു. പ്രസിദ്ധീകരിച്ച പട്ടികയിലുള്ളവരുടെ വിവരങ്ങൾ ലഭിക്കുന്നവർ ഇക്കാര്യം അറിയിക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി.
ഗ്രാമപഞ്ചായത്ത്, ഐസിഡിഎസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ലേബർ ഓഫീസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ കൈവശമുള്ള രേഖകളുമായി ഒത്തുനോക്കിയ ശേഷമാണ് കാണാതായവരുടെ പട്ടിക തയ്യാറാക്കിയത്.വോട്ടർപട്ടികയിലെയും റേഷൻ കാർഡുകളിലെയും ആളുകളിൽ നിന്ന് നിലവിൽ ക്യാമ്പുകളിലും ബന്ധുവീടുകളിലും ആശുപത്രികളിലും മറ്റും കഴിയുന്നവരുടെയും മരണം സ്ഥിരീകരിക്കപ്പെട്ടവരുടെയും പേരുകൾ നീക്കം ചെയ്ത ശേഷം കാണാതായവരുടെ പട്ടിക തയ്യാറാക്കുകയായിരുന്നു.
കാണാതായവരുടെ പേര്, റേഷൻകാർഡ് നമ്പർ, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോൺ നമ്പർ, ഫോട്ടോ എന്നിവ കരട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ആദ്യ കരട് പട്ടികയാണിത്. പൊതുജനങ്ങൾക്ക് ഈ കരട് പട്ടിക പരിശോധിച്ച് അതിൽ ഉൽപ്പെട്ടവരെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അത് ജില്ലാ ഭരണകൂടത്തെ അറിയിക്കാം.
ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളെ കണ്ടെത്താൻ ശ്രമിക്കും. വിവരം ലഭിക്കുന്ന മുറയ്ക്ക് പട്ടികയിൽ നിന്ന് അവരുടെ പേരുകൾ ഒഴിവാക്കും. നിലവിലെ പട്ടികയിൽ പെടാത്ത ആരെയെങ്കിലും കാണാതായതായി അറിയിപ്പ് ലഭിച്ചാൽ ആവശ്യമായ പരിശോധനകൾക്കു ശേഷം അവരുടെ പേരുകൾ കൂടി കൂട്ടിച്ചേർത്ത് പട്ടിക പരിഷ്ക്കരിക്കാനാണ് തീരുമാനം.
നിരന്തര നിരീക്ഷണത്തിലൂടെ ഈ പട്ടിക ശുദ്ധീകരിച്ചായിരിക്കും കാണാതായവരുടെ അന്തിമ പട്ടിക പുറത്തിറക്കുക. ജില്ലാ ഭരണകൂടത്തിന്റെ https://wayanad.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലും ജില്ലാ കളക്ടർ തുടങ്ങിയവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും കലക്ടറേറ്റിലെയും മറ്റും നോട്ടീസ് ബോർഡുകളിലും കരട് പട്ടിക ലഭ്യമാകും. അസിസ്റ്റന്റ് കളക്ടർ ഗൗതം രാജിന്റെ നേതൃത്വത്തിലാണ് അതിവേഗം കാണാതായവരുടെ പട്ടിക തയ്യാറായത്. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ സംബന്ധിച്ച് പട്ടിക പരിഷ്കരിക്കുന്നതിനായി പൊതുജനങ്ങൾക്ക് 8078409770 എന്ന ഫോൺ നമ്പറിൽ വിവരങ്ങൾ അറിയിക്കാം.