വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി സുരക്ഷിതമായ സ്ഥലം കണ്ടെത്തി ടൗൺഷിപ്പ് നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതിനായി ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കും.സ്കൂളുകൾ പൂർണമായി തകർന്നതിനാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ബദൽ സംവിധാനം ഒരുക്കുമെന്നും ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയിൽ നടത്താനാകണം എന്നാണ് സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞ് പോയത്. അതിന് പകരം കൂടുതൽ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ഒരു ടൗൺഷിപ്പ് തന്നെ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും മാതൃകാപരമായ രീതിയിൽ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂർത്തിയാക്കാൻ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിൽ വയനാട്ടിൽ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേർ താമസിക്കുന്നുണ്ട്. ചൂരൽമലയിൽ 10 ക്യാമ്പുകളിലായി 1,707 പേർ താമസിക്കുന്നു. ദുരന്ത മേഖലയിലും ചാലിയാറിലും തെരച്ചിൽ തുടരുകയാണ്. ഇന്നലെ മാത്രം 40 ടീമുകൾ ആറ് സെക്ടറുകളായി തിരിഞ്ഞ് രാവിലെ ഏഴ് മണി മുതൽ തെരച്ചിൽ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സിവിൽ ഡിഫൻസ് ഉൾപ്പെടെ ഫയർഫോഴ്സിൽ നിന്നും 460 പേർ, ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) 120 അംഗങ്ങൾ, വനം വകുപ്പിൽ നിന്നും 56 പേർ, പോലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് 64 പേർ, ഇന്ത്യൻ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് , നേവി, കോസ്റ്റ് ഗാർഡ് എന്നിവയിൽ നിന്നായി 640 പേർ, തമിഴ്നാട് ഫയർഫോഴ്സിൽ നിന്നും 44 പേർ, കേരള പൊലീസിൻറെ ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്നും 15 പേർ എന്നിങ്ങനെ ആകെ 1419 പേരാണ് രക്ഷാപ്രവർത്തനത്തിൻറെ ഭാഗമായി തുടരുന്നത്.