വയനാട് ദുരന്തത്തിൽ തീർത്തും ഒറ്റപ്പെട്ട പുഞ്ചിരിമട്ടത്ത് രക്ഷാപ്രവർത്തകരെത്തി. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്ത് ഇതുവരെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട പുഞ്ചിരിമട്ടത്ത് കെട്ടിടങ്ങളൊന്നും അവശേഷിച്ചിട്ടില്ല. സൈന്യത്തിന്റെ നേതൃത്വത്തിൽ ഇവിടെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്..
നേരത്തെ ഇവിടെ തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും മണ്ണിടിച്ചിൽ മുന്നറിയിപ്പിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. പിന്നാലെയാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളെ ഉൾപ്പെടുത്തി തിരച്ചിൽ പുനഃരാരംഭിച്ചിരിക്കുന്നത്. വലിയ പാറകളും ചെളിയും നിറഞ്ഞ പ്രദേശത്ത് രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
പുഞ്ചിരിമട്ടത്തെ ലയങ്ങളിൽ താമസിച്ചിരുന്ന അസം സ്വദേശികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇവിടേയ്‌ക്കെത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് തിരച്ചിൽ തുടരുന്നത്. കൂടുതൽ യന്ത്രങ്ങൾ ഇവിടേയ്ക്ക് എത്തിക്കുന്നതിന് പരിമിതികളുണ്ടെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നു. ആദ്യം ഉരുൾപൊട്ടലുണ്ടായതോടെ ഇവിടെയുള്ള ആളുകളെ മാറ്റി താമസിപ്പിച്ചിരുന്നു. എന്നാൽ ഇവിടെ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.