കൽപറ്റ: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു. ഡി.എൻ.എ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളിൽ നിന്ന് ശഖരിച്ച ഡി.എൻ.എ സാമ്പിളുമായി യോജിച്ചത്.അതെസമയം ഒരാളുടെ തന്നെ ഒന്നിൽ കൂടുതൽ ശരീര ഭാഗങ്ങൾ ലഭിച്ചതായും പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂർ ഫോൻസിക് സയൻസ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്.
ഉരുൾ പൊട്ടൽ ദുരന്തത്തെത്തുടർന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങൾ/ശരീര ഭാഗങ്ങൾ സംസ്‌കരിക്കുന്നതിനും ഡി.എൻ.എ പരിശോധ നയ്ക്കു സാമ്പിളുകൾ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് സർക്കാർ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകിയാണ് സംസ്‌കരിച്ചത്. ഡി.എൻ.എ ഫലങ്ങളുടെ അടിസ്ഥാനത്തിൽ കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്റെ അടിസഥാനത്തിൽ അവരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
അതെസമയം ഡി.എൻ.എ പരിശോധയിൽ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികൾ അപേക്ഷ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കലക്ടർക്ക് (ഫോൺ 04935 240222) നൽകിയാൽ അവ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അധികാരം നൽകിയിട്ടുണ്ട്.
ശരീരത്തിൽ നിന്ന് കണ്ടെടുത്ത ഭൗതിക വസ്തുക്കൾ സംബന്ധിച്ചും ആവശ്യമായ ഉത്തരവുകൾ എസ്.ഡി.എമ്മിന് പുറപ്പെടുവിക്കാം. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവിൽ സംസ്‌കരിച്ച സ്ഥലത്ത് തുടരാൻ ആഗ്രഹിക്കുന്ന ബന്ധുക്കൾക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റ് വിശദാംശങ്ങളും ഉപയോഗിച്ച് തിരിച്ചറിയൽ അടയാളങ്ങൾ സ്ഥാപിക്കാൻ ബന്ധുക്കളെ അനുവദിക്കുമെന്നും ജില്ല കലക്ടറുടെ ഉത്തരവിലുണ്ട്.