വയനാട്ടിൽ ഉരുൾപൊട്ടൽ: 19 മരണം ,നിരവധിപേർക്ക് പരിക്ക്, വൻനാശനഷ്ടം

പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.ജില്ലയിൽ കനത്ത മഴ തുടരുകയാണ്.

author-image
Greeshma Rakesh
New Update
wayanad

wayanad landslide

Listen to this article
0.75x 1x 1.5x
00:00 / 00:00

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ വൻ ഉരുൾപൊട്ടൽ. 15ലധികം പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം.ഇതുസംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.അതെസമയം മുപ്പതിലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.ജില്ലയിൽ കനത്ത മഴ തുടരുകയാണ്.

ഉരുൾപൊട്ടലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകർന്നതിനാൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.നിലവിൽ വ്യോമമാർ​ഗത്തിലൂടെ മാത്രമെ രക്ഷാപ്രവർത്തകർക്ക് പ്രദേശത്ത് എത്താൻ സാധിക്കൂ.

മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. കനത്ത മഴക്കൊപ്പം പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരം വ്യക്തമല്ല. വൈത്തിരി താലൂക്ക്, വെള്ളരിമല വില്ലേജ്, മേപ്പാടി പഞ്ചായത്ത് എന്നിവിടങ്ങളിലായാണ് ഉരുൾ പൊട്ടിയത്.

അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ടി. സിദ്ദിഖ് എം.എൽ.എ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. എൻ.ഡി.ആർ.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട ആളുകളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയ്‌ക്കു സമീപമാണ് ചൂരൽമലയും മുണ്ടക്കൈയും.

താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കണം. ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു.

 

 

death landslide Wayanad  Landslid Mundakkai