കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് കിഴക്കന്‍ അറബിക്കടലില്‍ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത ആറ് മണിക്കൂറില്‍ അതി തീവ്രന്യൂനമര്‍ദ്ദം പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നുമാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു..
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ആന്ധ്രാ പ്രദേശിനും തെക്കന്‍ ഒഡീഷക്കും സമീപത്തായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം ശക്തിയേറിയ ന്യൂനമര്‍ദ്ദമായി മാറി. അടുത്ത 36 മണിക്കൂറില്‍ ശക്തിയേറിയ ന്യൂനമര്‍ദ്ദം പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യത. ഇതിന്റെ ഫലമായി കേരളത്തില്‍ ഈ ആഴ്‌ച്ച വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് (ആഗസ്റ്റ് 30) അതിശക്തമായ മഴക്കും അടുത്ത 7 ദിവസം ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിലാമ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അറബിക്കടലിലെത്തിയ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ഇടിമിന്നലിനുംകാറ്റിനും സാധ്യതയുണ്ടെന്നും കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വിഭാഗം നിര്‍ദ്ദേശിച്ചു.