കൊച്ചി: പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനാധിപത്യം തകർക്കുന്ന തരത്തിൽ ജില്ലയിലെ വാർഡ് വിഭജനത്തിൽ എല്ലാ സന്തുലിതാവസ്ഥയും മാറ്റിമറിച്ചു കൊണ്ടുള്ള പ്രഖ്യാപനമാണ് സർക്കാരിൽ നിന്നുണ്ടായതെന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി. വാർഡ് വിഭജനത്തിനായി ചുമതലപ്പെടുത്തിയ ഔദ്യോഗിക ഉദ്യോഗസ്ഥന്മാരെ നോക്കുകുത്തികളാക്കി സിപിഎമ്മിന്റെ ശക്തരായ അനുഭാവികളായ ഉദ്യോഗസ്ഥരുടെ ഒരു ഷാഡോ കമ്മിറ്റിയാണ് ഏകപക്ഷീയമായ വാർഡ് വിഭജനം പൂർത്തിയാക്കിയത്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ബി എ അബ്ദുൽ മുത്തലിബ് നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. ജെബി മേത്തർ എംപി, എംഎൽഎമാരായ ടി ജെ വിനോദ്, അൻവർ സാദത്ത്, ഉമ തോമസ്, നേതാക്കളായ ജോസഫ് വാഴക്കൻ, കെ പി ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ, ജയ്സൺ ജോസഫ്, ടി എം സക്കീർ ഹുസൈൻ, ഐ കെ രാജു, എം ആർ അഭിലാഷ്, കെ എം സലിം, തമ്പി സുബ്രഹ്മണ്യം, പി കെ അബ്ദുൽ റഹ്മാൻ, ഉല്ലാസ് തോമസ്, ബേസിൽ പോൾ, കെ ബി സാബു, എൻ ആർ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു