നൂറ്റിയൊന്നിന്റെ നിറവിൽ വിപ്ലവ സൂര്യൻ വി എസ്

തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ അരുണ്‍ കുമാറിന്റെ വീട്ടില്‍ പൂര്‍ണവിശ്രമ ജീവിതത്തിലാണ് ഇപ്പോൾ വി.എസ്.

author-image
Vishnupriya
New Update
dc

തിരുവനന്തപുരം: നൂറ്റിയൊന്നിന്റെ നിറവിൽ വിപ്ലവനായകനും രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ . തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ അരുണ്‍ കുമാറിന്റെ വീട്ടില്‍ പൂര്‍ണവിശ്രമ ജീവിതത്തിലാണ് ഇപ്പോൾ വി.എസ്.

വിപ്ലവം കത്തുന്ന യൗവനവും നിശ്ചയദാർഢ്യവും ഉറച്ച നിലപാടും ജീവിതത്തിനൊപ്പം കൂട്ടിയ വി.എസിനെ നാല്പതുകളുടെ ആദ്യം കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് നിയോഗിക്കുകയായിരുന്നു. അന്നുമുതൽ തുടങ്ങുന്നു വി എസിന്റെ രാഷ്ട്രീയ ജൈത്രയാത്ര. തൊഴിലാളികളുടെ ജോലിസമയം കൃത്യമാക്കാനും  കൂലിവർധിപ്പിക്കാനും കടുത്തപോരാട്ടങ്ങൾക്കൊടുവിൽ സാധ്യമായി. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ മുന്നേറ്റത്തിന് അതൊരു തുടക്കമാവുകയുംചെയ്തു.

രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലുകൾ താണ്ടി 80 വർഷങ്ങൾ പിന്നിടുമ്പോഴും കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി ആയും പ്രതിപക്ഷ നേതാവായും അദ്ദേഹം ജന്മനസുകളിൽ ഇടം നേടിയിരുന്നു. അസാധാരണനായ സംഘാടകൻ, പുന്നപ്രവയലാർ പോരാട്ടത്തിന്റെ മുൻനിരക്കാരൻ, സമരാനന്തരവർഷങ്ങളിൽ ആലപ്പുഴ പാർട്ടി ജില്ലാകമ്മിറ്റി സെക്രട്ടറി എന്നിങ്ങനെ പോകുന്നു പ്രവർത്തന മേഖലകൾ .

പൊതുവെ പിറന്നാളുകള്‍ ആഘോഷിക്കാറില്ലെങ്കിലും ഞായറാഴ്ച്ച ഭാര്യ വസുമതിയുടേയും അരുണ്‍ കുമാറിന്റേയും നേതൃത്വത്തില്‍ കേക്കുമുറിക്കും. മകള്‍ ആശയും കുടുംബവുമെത്തും. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് സന്ദര്‍ശക വിലക്കുണ്ട്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ നേരാന്‍ വിഎസിന്റെ വീട്ടിലെത്തുന്നുണ്ട്.

‘എല്ലാ ജന്മദിനത്തിനും പായസം വയ്ക്കാറുണ്ട്. ഇത്തവണയും പായസമുണ്ടാകും. പിന്നെ കേക്ക് മുറിക്കും. ആ പതിവുകൾ ഇത്തവണയും തെറ്റിക്കില്ല. വേറെ ആഘോഷമൊന്നുമില്ല. മുൻപ് ജന്മദിനത്തിന് ആലപ്പുഴയിലെ വീട്ടിൽ പോകാറുണ്ടായിരുന്നു. അവിടെ പാർട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ വന്ന് ആഘോഷങ്ങളൊക്കെയുണ്ടായിരുന്നു. സ്ട്രോക്ക് വന്നതിനു ശേഷം വലതു കാലിനും കൈയ്ക്കുമാണ് പ്രശ്നം. ഇപ്പോൾ കൈ ശരിയായിട്ടുണ്ട്.

കാലിനു സ്വാധീനം ശരിയായിട്ടില്ല. എന്നിരുന്നാലും രാവിലെയും വൈകിട്ടും വീൽചെയറിൽ വീടിനു മുന്നിൽ കൊണ്ട് ഇരുത്താറുണ്ട്. പത്രം വായന പതിവായുണ്ട്. വാർത്തകൾ വായിക്കുമ്പോൾ ചില കാര്യങ്ങളിലൊക്കെ അഭിപ്രായം പറയാറുണ്ട് മകൻ അരുൺ കുമാർ പറഞ്ഞു. 

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ്ബ്യൂറോ അംഗം, എല്‍ഡിഎഫ് കണ്‍വീനര്‍ എന്നിങ്ങനെ നിരവധി പദവികളാണ് ഇടതുരാഷ്ട്രീയത്തില്‍ വിഎസ് വഹിച്ചത്. നാല് വര്‍ഷം മുമ്പുണ്ടായ പക്ഷാഘാതമാണ് വിഎസിനെ വിശ്രമജീവിതം നയിക്കാന്‍ നിര്‍ബന്ധിതനാക്കിയത്.

vs achuthandan