തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദൂതനായി എഡിജിപി അജിത് കുമാർ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് പിടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഡിജിപിയാണ് പൂരം കലക്കാൻ കൂട്ടുനിന്നത്. അജിത് കുമാറിന്റെ പ്ലാൻ പ്രകാരം പൂരം കലക്കി. എന്നിട്ടാണ് അത് അന്വേഷിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയുകയാണെന്നും അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി . അദ്ദേഹം തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രിമാർക്ക് പോലും വരാൻ പറ്റാത്ത സ്ഥലത്തേക്കാണ് സുരേഷ് ഗോപി എത്തിയത്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് എഡിജിപി ആദ്യം ആർഎസ്എസ് നേതാക്കളെ കണ്ടത്. അത് പ്രാവർത്തികമാക്കുകയാണ് അദ്ദേഹം പൂരം കലക്കലിലൂടെ ചെയ്തത്. പൂരം കലക്കിയ ദിവസം സ്ഥലത്ത് അജിത് കുമാർ ഉണ്ടായിരുന്നതായി പറയുന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അൻവറിനെ കോൺഗ്രസിൽ എടുക്കുന്ന കാര്യംചർച്ച ചെയ്തിട്ടില്ല. യുഡിഎഫും ചർച്ച ചെയ്തിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ ഹൈക്കോടതിയും പറഞ്ഞു. സർക്കാറിന് വേണ്ടപെട്ടവർക്ക് എതിരെയുള്ള ഭാഗങ്ങൾ ഒഴിവാക്കിയാണ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിട്ടതെന്നും വി ഡി സതീശൻ വ്യക്തമാക്കി.