തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് കേന്ദ്ര തുറമുഖമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരിക്കുകയാണ്.
ഇതോടെ വലിയ കപ്പലുകള്‍ക്ക് അടുക്കാനും ചരക്കുകള്‍ കൈമാറ്റം ചെയ്യാനും സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി വിഴിഞ്ഞം മാറും. കൊളംബോ, സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളില്‍ നടക്കുന്ന ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ ട്രാന്‍സ്ഷിപ്പ്മെന്റ് ഇനി വിഴിഞ്ഞത്തേക്കെത്തും. കസ്റ്റംസ് ഓഫിസ് ഉള്‍പ്പെടെയുള്ളവ വിഴിഞ്ഞത്ത് സ്ഥാപിക്കാനുള്ള അവസരവും ഒരുങ്ങിയിരിക്കുകയാണ്.
ഓണത്തിന് തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് അദാനി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. ഈ മാസം തന്നെ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി നടത്തിവന്ന ആര്‍ബിട്രേഷന്‍ നടപടികള്‍ ഒത്തുതീര്‍ത്തെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തില്‍ ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത് എന്നാല്‍ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറോടെ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്ത പ്രദീപ് ജയരാമന്‍ പറഞ്ഞു.
വിഴിഞ്ഞത്ത് നിന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ പ്രമുഖ രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്. മേയ്- ജൂണ്‍ മാസങ്ങളില്‍ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ നടക്കും. ബാര്‍ജില്‍ 30 കണ്ടെയ്നറുകള്‍ എത്തിച്ചാകും തുറമുഖത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം 2028 ല്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.
പതിനായിരം കോടിയാണ് അദാനി ഗ്രൂപ്പ് ഇതിനായി നിക്ഷേപിക്കുന്നത്. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിനായി 34 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കാന്‍ ഉണ്ട്. ഇത് ഉടന്‍ പൂര്‍ത്തിയാകുമെന്ന് സ്ഥാനമൊഴിയുന്ന സിഇഒ രാജേഷ് ത്സാ പറഞ്ഞു. പുതുതായി തുടങ്ങിയ അദാനി സിമന്റ്സിന്റെ തലപ്പത്തേക്ക് നിയുക്തനായ രാജേഷ് ത്സാ, അദാനി വിഴിഞ്ഞം പോര്‍ട്സിന്റെ എംഡി സ്ഥാനത്ത് തുടരുകയും ചെയ്യും.