ട്രയൽ റൺ സമയത്ത് വലിയ നേട്ടം: 7.4 കോടി ഖജനാവിലെത്തിച്ച് വിഴിഞ്ഞം

ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടി ഇ യു കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞം.

author-image
Vishnupriya
New Update
pa

തിരുവനന്തപുരം: കേരളത്തിന്‍റെ വികസന ചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മന്ത്രി വി എൻ വാസവൻ. ട്രയൽ റൺ ആരംഭിച്ച് നാല് മാസങ്ങൾ പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ കേരളത്തിന്‍റെ തീരത്തെത്തിക്കഴിഞ്ഞു. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടി ഇ യു കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞം.

നവംബർ ഒൻപത് വരെയുള്ള കണക്ക് അനുസരിച്ച്  46 കപ്പലുകളാണ്  തുറമുഖത്ത് എത്തിയത്. 1,00807 ടി ഇ യുവാണ്  ഇവിടെ കൈകാര്യം ചെയ്തത്. ജൂലൈ മാസത്തിൽ മൂന്ന്, സെപ്റ്റംബറിൽ 12, ഒക്ടോബറിൽ 23, നവംബർ മാസത്തിൽ ഇതുവരെ എട്ട് എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം. 7.4  കോടി രൂപയുടെ വരുമാനമാണ് ജിഎസ്‍ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന എം എസ് സി ക്ലോഡ് ഗിരാർഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകൾ എത്തിച്ചേർന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് അതിഥികളും എത്തിച്ചേരും. അങ്ങനെ വിഴിഞ്ഞം ഇന്ത്യയുടെ സുവർണ്ണതീരമായി മാറുകയാണെന്നും വി എൻ വാസവൻ കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം കമ്മീഷൻ ചെയ്യാനിരിക്കെയാണ് നിർണ്ണായക നേട്ടം വിഴിഞ്ഞം പേരിലെഴുതിയിട്ടുള്ളത്. അടുത്ത ഏപ്രിലോടെ മാത്രം ലക്ഷ്യമിട്ട ചരക്ക് നീക്കമാണ് ചുരുങ്ങിയ മാസത്തിനുള്ളിൽ വിഴിഞ്ഞത്ത് പൂർത്തിയാക്കിയത്.

Vizhinjam international seaport