നയരൂപീകരണ സമിതിയിൽനിന്ന് ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് വിനയൻ

കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീംകോടതി അത് ശരിവയ്ക്കുകയും ചെയ്തിരിക്കുന്ന ബി.ഉണ്ണികൃഷ്ണനെ സർക്കാരിന്റെ നയരൂപീകരണ സമിതിയിൽനിന്ന് ഒഴിവാക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു’

author-image
Anagha Rajeev
New Update
vinayan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം∙ സിനിമാ നയരൂപീകരണ സമിതിയിൽനിന്ന്  സംവിധായകൻ ബി.ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. ഷാജി എൻ.കരുൺ അധ്യക്ഷനായ സമിതിയിൽ സാംസ്കാരിക വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, അഭിനേതാക്കളായ മുകേഷ്, മഞ്ജുവാരിയർ, പത്മപ്രിയ, നിഖില വിമൽ, സംവിധായകരായ രാജീവ് രവി, ബി.ഉണ്ണികൃഷ്ണൻ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവർ അംഗങ്ങളാണ്. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി മഞ്ജുവാരിയരും രാജീവ് രവിയും പിൻമാറിയിരുന്നു.

കത്തിലെ ‍ഭാഗങ്ങൾ..

‘ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ 137 മുതൽ 141 വരെയുള്ള പേജുകളിൽ സിനിമയിലെ തൊഴിൽ നിഷേധത്തിനും വിലക്കിനുമെതിരെ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിധിയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. 2014ൽ മലയാള സിനിമയിലെ തൊഴിൽ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ പരാതിയുമായി പോയ വ്യക്തി ഞാനാണ് (CCI Case No 98 of 2014). 2017 മാർച്ചിൽ സിസിഐ പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് ഇതിനോടൊപ്പം അറ്റാച്ച് ചെയ്യുന്നു. ഈ വിധി അനുസരിച്ച് കോംപറ്റീഷൻ ആക്ടിന്റെ സെക്ഷൻ 3 പ്രകാരം അമ്മ സംഘടനയ്ക്ക് 4,00,065 രൂപയും ഫെഫ്കയ്ക്ക് 85,594 രൂപയും പെനാൽറ്റി അടിച്ചിട്ടുള്ളതാണ്.

അന്നത്തെ അമ്മ പ്രസിഡന്റ് ഇന്നസെന്റിന് 51,478 രൂപയും സെക്രട്ടറി ഇടവേള ബാബുവിന് 19,113 രൂപയും ഫെഫ്ക പ്രസിഡന്റ് സിബി മലയിലിന് 66,356 രൂപയും ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് 32,026 രൂപയും പെനാൽറ്റി ഉണ്ട്. ഇതിനെതിരെ സംഘടനകളും വ്യക്തികളും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും കോടതി അപ്പീൽ തള്ളി ശിക്ഷ ശരിവച്ചു. ഇതോടെ ഈ വ്യക്തികളെല്ലാം കുറ്റക്കാരായി മാറിയിരിക്കുന്നു.

അന്യായമായ പ്രതികാരബുദ്ധിയോടെ തൊഴിൽ നിഷേധം നടത്തിയത് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീംകോടതി അത് ശരിവയ്ക്കുകയും ചെയ്തിരിക്കുന്ന ബി.ഉണ്ണികൃഷ്ണനെ സർക്കാരിന്റെ നയരൂപീകരണ സമിതിയിൽനിന്ന് ഒഴിവാക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു’

B Unnikrishnan Filmmaker Vinayan kerala film policy