വിലങ്ങാട്: വാടകവീട് ഒഴിപ്പിക്കാതിരിക്കാന്‍ ജില്ലാഭരണകൂടം ഇടപെടണം

നാശനഷ്ടങ്ങള്‍ ഉരുള്‍പൊട്ടല്‍ മൂലമുണ്ടായത്, പ്രളയം മൂലമുണ്ടായത് എന്നിങ്ങനെ കൃത്യമായി തരം തിരിക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

author-image
Prana
New Update
sarada muraleedharan

വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ താമസിക്കുന്ന വാടക വീടുകളുടെ ഉടമസ്ഥര്‍ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. നാശനഷ്ടങ്ങള്‍ ഉരുള്‍പൊട്ടല്‍ മൂലമുണ്ടായത്, പ്രളയം മൂലമുണ്ടായത് എന്നിങ്ങനെ കൃത്യമായി തരം തിരിക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
തിങ്കളാഴ്ച രാവിലെ വിലങ്ങാട് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കലക്ടറേറ്റില്‍ നടന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. ഉരുള്‍പൊട്ടല്‍, പ്രളയം എന്നിങ്ങനെ കൃത്യമായി തരംതിരിച്ച് നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമാക്കണം. അതനുസരിച്ചാണ് സര്‍ക്കാര്‍ തലത്തില്‍ പിന്തുണ ലഭ്യമാകുക. കൃഷി നശിച്ചവരില്‍ എത്ര പേര്‍ക്ക് കൃഷി നാശമുണ്ടായി, എത്ര പേര്‍ക്ക് കൃഷിയോഗ്യമായ ഭൂമി നശിച്ചു എന്ന കണക്കും തരംതിരിച്ച് നല്‍കണം.
വിലങ്ങാട് കെടുതി നേരിട്ടവര്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണയും സമാശ്വാസ പദ്ധതികളും വയനാട്ടിലേതിന് സമാനമാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കൃഷി നശിച്ചവരിലും കൃഷിഭൂമി നശിച്ചവരിലും എത്രപേര്‍ ഇതുസംബന്ധിച്ച് പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ കണക്ക് ലഭ്യമാക്കണമെന്നും കാര്‍ഷിക പുനരധിവാസ പാക്കേജിനായി പദ്ധതി ഉണ്ടാക്കണമെന്നും നിര്‍ദ്ദേശിച്ചു.
കന്നുകാലികളെ നഷ്ടപ്പെട്ടവരില്‍ കാലി വളര്‍ത്തല്‍ മുഖ്യതൊഴിലായി സ്വീകരിച്ചവരുടെ എണ്ണവും തിട്ടപ്പെടുത്താന്‍ ചീഫ് സെക്രട്ടറി യോഗത്തില്‍ ആവശ്യപ്പെട്ടു.
വിലങ്ങാട് ദുരിതബാധിതര്‍ക്ക് സംസ്ഥാന ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിച്ച പണം വിതരണം ചെയ്തുകഴിഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണം അനുവദിക്കാനുള്ള ഉത്തരവ് ഇറങ്ങികഴിഞ്ഞതായും ഇത് ഒന്നുരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു.
വാടകയ്ക്ക് കഴിയുന്ന കുടുംബങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അവരുടെ നിലവിലെ സ്ഥിതി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ചില വാടക വീടുകളുടെ ഉടമസ്ഥര്‍ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്നും അവര്‍ പറഞ്ഞു.
ദുരന്തം ബാധിച്ചവരില്‍ അര്‍ഹരായവര്‍ക്ക് സൗജന്യ റേഷന്‍ വിതരണം തുടരുന്ന കാര്യം പരിശോധിക്കണമെന്നും ജില്ലാ സിവില്‍ സപ്ലൈ ഓഫീസര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. നാശം നേരിട്ട പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വാസയോഗ്യമായ മറ്റു വീട് ഉണ്ട് എന്ന കാരണം ചൂണ്ടിക്കാട്ടി അവര്‍ നഷ്ടം സംഭവിച്ചവരുടെ പട്ടികയില്‍നിന്ന് ഒഴിവായി പോയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണം. ലോണുകള്‍ക്ക് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാകുന്നില്ലേ എന്ന് പരിശോധിക്കണം. ദുരന്തത്തില്‍ നശിച്ച പ്രധാന റോഡുകള്‍ക്ക് പുറമെ ചെറു റോഡുകളുടെ പുനര്‍നിര്‍മാണം ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി ഓര്‍മിപ്പിച്ചു.
ദുരന്തം നടന്ന വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ പഞ്ചായത്ത് സെക്രട്ടറി ഇല്ലാത്ത വിഷയം ഗൗരവമാണെന്ന് ചീഫ് സെക്രട്ടറിയോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞു കിടക്കാന്‍ പാടില്ലായിരുന്നു. ഇക്കാര്യം ഉടനടി പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.
ദുരന്ത ബാധിത പ്രദേശത്ത് നടന്ന ഡ്രോണ്‍ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ കോഴിക്കോട് എന്‍ഐടിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും എന്‍ഐടിയുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും ജില്ലാ കലക്ടര്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദുരന്ത ലഘൂകരണ പദ്ധതിയിലേക്ക് ജില്ലാ ആസൂത്രണ സമിതിയ്ക്ക് പ്രോജക്ടുകള്‍ സമര്‍പ്പിക്കാമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാക്കുന്നതിന്റെ സാധ്യത അന്വേഷിക്കാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, എഡിഎം സി മുഹമ്മദ് റഫീഖ്, അസി. കളക്ടര്‍ ആയുഷ് ഗോയല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

chief secretary Vilangadu Landslide sarada muralidharan Vilangad