കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽമൂലം പ്രദേശത്ത് 12 കോടിയോളം രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്കുകൂട്ടൽ. കൃഷിനാശത്തിനുപുറമേ കർഷകരുടെ കൃഷിയുപകരണങ്ങൾക്കും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. ജില്ലാഭരണകൂടം നടത്തിയ പരിശോധനയിലാണ് ഇത്രയേറെ നഷ്ടം കണക്കാക്കിയത്. ഇതുസംബന്ധിച്ച വിശദറിപ്പോർട്ട് അടുത്തദിവസം സർക്കാരിലേക്ക് കൈമാറും.
ഉരുൾപൊട്ടലിൽ വാണിമേൽ ഗ്രാമപ്പഞ്ചായത്തിലെ വിലങ്ങാടിലെ ഒൻപത്, പത്ത് വാർഡുകളിലാണ് വ്യാപകമായ നഷ്ടമുണ്ടായിട്ടുള്ളത്. 162 ഹെക്ടർ ഭൂമിയിൽ 230 കർഷകരുടെ കൃഷി പൂർണമായും നശിച്ചു. ജാതിക്ക, ഗ്രാമ്പുച്ചെടി, കൊക്കൊ, മഞ്ഞൾ, ഇഞ്ചി, കപ്പ, കാപ്പി, കുരുമുളക്, കവുങ്ങ് എന്നീകൃഷികളാണ് പ്രധാനമായും നശിച്ചത്. തേനീച്ചവളർത്തുന്ന കർഷകർക്കും വലിയനഷ്ടമുണ്ടായിട്ടുണ്ട്. കൃഷിനാശത്തിനു പുറമേ, കർഷകരുടെ 81 പമ്പ് സെറ്റുകൾ, 15 കൃഷിയുപകരണങ്ങൾ, പതിനായിരത്തിലേറെ സംഭരണവിത്ത് എന്നിവയും ഉരുൾപൊട്ടലിൽ നശിച്ചിട്ടുണ്ട്.
രണ്ടുഹെക്ടർ ഭൂമിയിലെ ഇഞ്ചിയും മഞ്ഞളും നശിച്ചിട്ടുണ്ട്. അയ്യായിരം ചതുരശ്രയടിയിൽ കപ്പയും നശിച്ചിട്ടുണ്ട്. പതിനഞ്ചായിരത്തോളം വാഴയും അഞ്ചായിരത്തോളം തെങ്ങും 3500-ഓളം കശുമാവും നാലായിരത്തോളം ജാതിക്കയും നശിച്ചിട്ടുണ്ടെന്നാണ് കണക്ക്. ജൂലായ് 30-നുണ്ടായ ഉരുൾപൊട്ടലിന്റെ നഷ്ടം റവന്യു, കൃഷി, ജലസേചനവകുപ്പുകൾ സംയുക്തമായാണ് കണക്കാക്കിയത്.