തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതികളിൽ അന്വേഷണമില്ലെന്ന് വിജിലൻസ്. നേരിട്ട് ലഭിച്ച പരാതികളിൽ അന്വേഷണം വേണ്ടെന്നാണ് വിജിലൻസ് നിലപാട്. അന്വേഷണത്തിന് പ്രത്യേക സംഘമുള്ളതിനാൽ വിജിലൻസ് ഇടപെടലിന്റെ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. അന്വേഷണം വേണമെങ്കിൽ സർക്കാർ നിർദേശിക്കട്ടെയെന്നും വിജിലൻസ് വ്യക്തമാക്കി.
പരാതികളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം വേണ്ടെന്ന നിലപാടിലേക്കെത്തിയത്. അതേസമയം വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി മുഖ്യമന്ത്രിക്ക് നൽകിയ ശുപാർശയിൽ തീരുമാനമായിട്ടില്ല.
എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബാണ് സർക്കാരിന് ശുപാർശ നൽകിയത്. ബന്ധുക്കളുടെ പേരിൽ സ്വത്ത് സമ്പാദനം, കവടിയാറിലെ കോടികളുടെ ഭൂമി ഇടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി സ്വീകരിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് എഡിജിപിക്കെതിരെയുള്ളത്.