എം.ആര്‍.അജിത്കുമാറിനെതിരെ കേസെടുക്കില്ല; ആദ്യം പ്രാഥമിക അന്വേഷണം

എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ കൂടിയായ ഡിജിപി എസ്.ദര്‍വേഷ് സാഹിബ് കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് അന്വേഷണ ശുപാര്‍ശ നല്‍കിയത്.

author-image
Vishnupriya
New Update
mr ajith kumar adgp
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്. എസ്പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. കേസെടുക്കാതെ പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടത്തുക.

എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ കൂടിയായ ഡിജിപി എസ്.ദര്‍വേഷ് സാഹിബ് കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് അന്വേഷണ ശുപാര്‍ശ നല്‍കിയത്. ചില അഴിമതി ആരോപണങ്ങള്‍ ആദ്യം ഉന്നയിച്ച പി.വി.അന്‍വര്‍ എംഎല്‍എ പിന്നീടു പ്രത്യേക സംഘത്തിനു നല്‍കിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിനു ഡിജിപി സര്‍ക്കാരിന്റെ അനുമതി തേടിയത്.

കള്ളക്കടത്ത് സ്വര്‍ണം പിടിക്കുന്നതിലെ തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദനം, കോടികള്‍ ചെലവഴിച്ച് വീട് നിര്‍മാണം, കേസ് ഒതുക്കിയതിനു വന്‍തുക കൈക്കൂലി കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങളിലാണ് അജിത്തിനെതിരെ അന്വേഷണം. സസ്‌പെന്‍ഷനിലുള്ള മുന്‍ എസ്പി സുജിത്ദാസിനെതിരെയും അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം ആരംഭിക്കുന്ന സാഹചര്യത്തില്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കുകയോ അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയോ ചെയ്യുമെന്നാണ് സൂചന.

 

vigilance PV Anwar ADGP MR Ajith Kumar