കണ്ണൂർ: പാനൂരിൽ പ്രണയപ്പകയിൽ വിഷ്ണുപ്രിയയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.സുഹൃത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
വിപിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ നിർണായകമായത്.പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണുപ്രിയ. 2022 ഒക്ടോബർ 22നാണ് അരുംകൊല.പാനൂർ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയയെ (23) പകൽ 12 മണിയോടെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവം നടന്ന് മണിക്കൂറുകൾക്കകം മാനന്തേരിയിലെ താഴെകളത്തിൽ എ ശ്യാംജിത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രണയം നിരസിച്ചയിലുള്ള പകയാണ് ക്രൂരകൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.വിഷ്ണുപ്രിയ തനിച്ച് വീട്ടിൽ നിന്ന് ആൺ സുഹൃത്തായ പൊന്നാനി പനമ്പാടിയിലെ വിപിൻ രാജുമായി വീഡിയോ കോൾ വഴി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന് കൊലപ്പെടുത്തുകയായിരുന്നു.
ബാഗിൽ മാരക ആയുധങ്ങളുമായെത്തിയാണ് പ്രതി വിഷ്ണുപ്രിയയെ അക്രമിച്ചത്. ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം ഇരു കൈകൾക്കും പരിക്കേൽപ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശ്യാംജിത്ത് വീട്ടിലെത്തിയ കാര്യം വിഷ്ണു പ്രിയ വിപിൻ രാജിനോട് ഫോണിൽ പറഞ്ഞിരുന്നു.
വിപിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ നിർണായകമായത്.മാത്രമല്ല പ്രതി വിഷ്ണുപ്രിയയുടെ വീട്ടിൽ കൃത്യം നടത്താനായി എത്തിയ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഇതും തൊണ്ടിമുതലായി കണക്കാക്കി വിചാരണ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.
2023 സെപ്റ്റംബർ 21നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 73 സാക്ഷികളാണുള്ളത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയത്.കേസിൽ അറസ്റ്റിലായ ശ്യാംജിത്ത് അന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.