കണ്ണൂർ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പാനൂർ സ്വദേശിനി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. 23-കാരിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയുക. സുഹൃത്ത് എ. ശ്യംജിത്താണ് പ്രതി.
2022 ഒക്ടോബർ 22-നായിരുന്നു കേരളജനതയെ ഞെട്ടിച്ച കൊടും ക്രൂരത. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെയിലാണ് കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം കഴുത്ത് അറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന് ദൃക്സാക്ഷികളില്ല. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുടെയും ബലത്തിലാണ് അന്വേഷണം പുരോഗമിച്ചത്. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി.
കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷ്ണുപ്രിയയുടെ സഹോദരിമാർ, സുഹൃത്ത് വിപിൻരാജ് തുടങ്ങി 49 സാക്ഷികളെ വിസ്തരിച്ചു.