മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്തു

ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽനിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്.

author-image
Vishnupriya
New Update
dc

കൊച്ചി: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴി എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) രേഖപ്പെടുത്തി. ചെന്നൈയിൽ കഴിഞ്ഞ ബുധനാഴ്ച എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽനിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്. കേസ് റജിസ്റ്റർ ചെയ്തു പത്തു മാസത്തിനുശേഷമാണ് വീണയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്.

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഉയർന്ന മാസപ്പടി ആരോപണത്തിൽ വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസി) ഓഫിസിലും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിലും എസ്എഫ്ഐഒ അന്വേഷണം നടത്തിയിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ വിവരങ്ങൾ ആരായാനാണ് വീണയുടെ മൊഴിയെടുത്തത്. സിഎംആർഎല്ലിൽ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്.

ജനുവരി അവസാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയുടെ ദൂരൂഹമായ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്. വീണയുടെ കമ്പനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിനാണ് അന്വേഷണ ചുമതല. കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ചതാണ് എസ്എഫ്ഐഒ. റെയ്ഡിനും അറസ്റ്റിനും എസ്എഫ്ഐഒയ്ക്ക് അധികാരമുണ്ട്. അന്വേഷണത്തിന് വിവിധ ഏജൻസികളുടെ സഹായം തേടാം.

veena vijayan exalogic cmrl case