തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നത് വയറിളക്ക രോഗങ്ങളുടെ സാധ്യത കൂട്ടുന്ന കാലമായതിനാല്‍ ഒ.ആര്‍.എസ്. അഥവാ ഓറല്‍ റീ ഹൈഡ്രേഷന് വളരെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്.
അതേസമയം, ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. ശരീരത്തില്‍ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങള്‍ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളില്‍ തടയാന്‍ ഒ.ആര്‍.എസ്. തക്കസമയം നല്‍കുന്നതിലൂടെ സാധിക്കും. മാത്രമല്ല, വയറിളക്കമോ ഛര്‍ദിലോ നിന്നില്ലെങ്കില്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റേയും ഒ.ആര്‍.എസ്. ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. വയറിളക്കത്തെ തുടര്‍ന്നുള്ള നിര്‍ജലീകരണം മൂലമുള്ള മരണങ്ങള്‍ തടയുന്നതിനും രോഗം പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024 സംഘടിപ്പിക്കുന്നത്. ഒ.ആര്‍.എസിന്റെയും സിങ്കിന്റെയും കവറേജ് 2029-ഓടുകൂടി 90 ശതമാനമായി വര്‍ദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.