കൊച്ചി: നിലവിലെ വിവാദങ്ങളിൽ ഓരോ വിഷയങ്ങളെക്കുറിച്ചും ഉന്നതമായ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പ്രതികരണം വിലയിരുത്തപ്പെടുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളിൽ സിപിഎമ്മും മുകേഷും ഉചിതമായ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നും സതീശൻ പറഞ്ഞു. ‘‘നിരന്തരമായ ആരോപണങ്ങളാണു മുകേഷിനെതിരെ വരുന്നത്. കേസിൽ അന്വേഷണം നടക്കുകയും തെറ്റുകാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം.
അതേസമയം, സിനിമ രംഗത്ത് എല്ലാവരും കുഴപ്പക്കാരാണെന്ന മട്ടിൽ ജനങ്ങൾ സംസാരിക്കുന്നതിനു കാരണം സർക്കാരാണ്. കുറ്റക്കാർക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ നിരപരാധികൾക്കും പഴി കേൾക്കേണ്ടി വരില്ലായിരുന്നു. ചിലരെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമമാണ് ഇതിനു കാരണം’’ – സതീശൻ ആരോപിച്ചു.