തൃശൂർ പൂരം : പ്രഖ്യാപിച്ച അന്വേഷണം നടക്കാത്തത് അപമാനം: വി.ഡി.സതീശന്‍

പൂരം കലക്കിയതിനെ കുറിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് പുറത്തിറക്കിയ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നത്.

author-image
Vishnupriya
New Update
vd satheesan against saji cherian
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: തൃശൂർ പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടന്നില്ലെന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പിയെ തൃശൂരിൽ ജയിപ്പിക്കുന്നതിന് വേണ്ടി ഗൂഢാലോചന നടത്തി, എ.ഡി.ജി.പിയെ കരുവാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് പൂരം കലക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

പൂരം കലക്കിയതിനെ കുറിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് പുറത്തിറക്കിയ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നത്. ഒരു അന്വേഷണവും നടന്നില്ല എന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് അപമാനമാണ്. രഹസ്യങ്ങൾ പുറത്താകുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയെയും സി.പി.എം നേതൃത്വത്തെയും അലട്ടുന്നത്. അതുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും എ.ഡി.ജി.പി അതേ സ്ഥാനത്ത് ഇരിക്കുന്നതെന്നും വിഡി സതീശൻ വിമർശിച്ചു.

എ.ഡി.ജി.പിക്കെതിരെ വിജിലൻസ് അന്വേഷിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ആർ.എസ്.എസ് ജനറൽ സെക്രട്ടറിയുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഒരു മണിക്കൂറാണ് സംസാരിച്ചത്. അതിനു പിന്നാലെ മറ്റൊരു ആർ.എസ്.എസ് നേതാവുമായി തിരുവനന്തപുരത്തും സംസാരിച്ചു. എന്നാൽ ഇതേപ്പറ്റി സർക്കാർ നിശബ്ദത പാലിക്കുകയാണ്. ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സി.പി.എം- ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമായി തൃശൂർ പൂരം കലക്കിയത്. തൃശൂരിലെ കമ്മിഷണറെയും അസിസ്റ്റന്റ് കമ്മിഷണറെയും തൽസ്ഥാനത്ത് നിന്നും മാറ്റി പൂരം കലക്കിയതിനെ കുറിച്ച് ഡി.ജി.പി അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് അറിയിച്ചിരുന്നത്. എന്നാൽ അങ്ങനെയൊരു അന്വേഷണം ഇല്ലെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് സർക്കാർ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. അപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിക്കുന്ന അന്വേഷണങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളത്. അദ്ദേഹം ചോദിച്ചു.

പൂരം കലക്കിതിയത് അന്വേഷിച്ചാൽ അന്വേഷണത്തിന് ഉത്തരവിട്ട ആൾ അടക്കം പ്രതികളാകും. പൂരം കലക്കിയതിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട്. എ.ഡി.ജി.പിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി പൂരം കലക്കിയത്. പൂരം കലക്കിയതിന് മുഖ്യമന്ത്രിക്ക് ഉത്തരം പറയേണ്ടി വരും. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു.

15 ദിവസമായി ഒരു സി.പി.എം എം.എൽ.എ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിട്ടും ചെറുവിരൽ അനക്കാനായില്ല. അയാളെയും മുഖ്യമന്ത്രിക്ക് ഭയമാണ്. ഇരട്ടച്ചങ്കനാണെന്നാണ് ആദ്യ പറഞ്ഞതെങ്കിലും മുഖ്യമന്ത്രി ഇപ്പോൾ എല്ലാവരെയും ഭയക്കുകയാണ്. മാധ്യമ പ്രവർത്തകരോട് പോലും മുഖ്യമന്ത്രി സംസാരിക്കുന്നില്ല. മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണോ? ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും രാഷ്ട്രീയ മറുപടി പോലും മുഖ്യമന്ത്രിക്കില്ല, സതീശന്‍ പറഞ്ഞു.

Thrissur Pooram vd satheeshan