കൊച്ചി: ന്യൂനപക്ഷ പ്രീണനം പരാജയപ്പെട്ടപ്പോൾ സിപിഎം ഇപ്പോൾ ഭൂരിപക്ഷ പ്രീണനം നടത്തുകയാണെന്ന് വിഡി സതീശൻ. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കാലത്ത് ജയരാജൻ ബുക്ക് ഇറക്കിയത്. പി.ഡി.പി പിന്തുണയോടെ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിന് വച്ച ബോർഡ് ഇപ്പോഴും എറണാകുളത്തുണ്ട്. കേരളം മുഴുവൻ പി.ഡി.പി പിന്തുണയുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ പറഞ്ഞവർക്ക് എപ്പോൾ മുതലാണ് പി.ഡി.പി വിരോധവും മഅ്ദനി വിരോധവും ഉണ്ടായത്? പിണറായി വിജയൻ മഅ്ദനിക്ക് വേണ്ടി വേദിയിൽ കാത്തിരുന്നിട്ടില്ലേ? മൂന്ന് പതിറ്റാണ്ടുകാലം ജമാഅത്ത് ഇസ്ലാമി പ്രീണനമായിരുന്നില്ലേ? ഇപ്പോൾ ഭൂരിപക്ഷ പ്രീണനം നടത്തുന്നതിന്റെ ഭാഗമായാണ് പി.ഡി.പിക്ക് ജമാഅത്ത് ഇസ്ലാമിക്കും എതിരെ പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് 35 ദിവസവും സി.എ.എയെ കുറിച്ചാണ് പിണറായി പറഞ്ഞതെന്ന് വിഡി സതീശൻ ഓർമ്മിപ്പിച്ചു. അന്ന് ന്യൂനപക്ഷ പ്രീണനമായിരുന്നു. എന്നാൽ അത് വിജയിച്ചില്ല. അതുകൊണ്ടാണ് ഇപ്പോൾ ഭൂരിപക്ഷ പ്രീണനവുമായി ഇറങ്ങിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ജയരാജനെ കൊണ്ട് പുസ്തകം ഇറക്കിച്ചതും പിണറായി വിജയൻ അവിടെ പോയി ലീഗ് ഉൾപ്പെടെയുള്ളവരെ വിമർശിച്ചതും. ഒരു മാസം മുൻപ് പറഞ്ഞതാണ് പിണറായി വിജയൻ ഇപ്പോൾ മാറ്റിപ്പറയുന്നത്. തിരഞ്ഞെടുപ്പിൽ പി.ഡി.പി പിന്തുണ നൽകിയപ്പോൾ ജയരാജനും പിണറായിയും മിണ്ടിയില്ലല്ലോ? സി.പി.എമ്മിൽ ജീർണത ബാധിച്ചിരിക്കുകയാണ്. കോൺഗ്രസിലും യു.ഡി.എഫിലും ഒരു അനൈക്യവുമില്ല. എൽ.ഡി.എഫിൽ പി.പി ദിവ്യ വിഷയത്തിലും പൂരം കലക്കിയതിലും വർഗീയ സംഘടനകളുടെ കാര്യത്തിലും 50 കോടിയുടെ കോഴയിലും സി.പി.എമ്മിനും എൽ.ഡി.എഫിലെ ഘടകകക്ഷികൾക്കും വ്യത്യസ്ത അഭിപ്രായമാണ്. സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീർണത എൽ.ഡി.എഫിന്റെ ശൈഥില്യത്തിലേക്ക് നയിക്കും.
പൂരം കലക്കിയതല്ലെന്ന് സി.പി.ഐക്കാർ പറയട്ടെയെന്നും വിഡി സതീശൻ പറഞ്ഞു. സി.പി.ഐ മന്ത്രി കെ. രാജൻ പൂരം കലക്കിയതാണെന്നാണ് നിയമസഭയിൽ പറഞ്ഞത്. തൃശൂരിലെ എൽ.ഡി.എഫ് എം.എൽ.എ ബാലചന്ദ്രനും നിയമസഭയിൽ പറഞ്ഞത് പൂരം കലക്കിയതാണെന്നാണ്. വത്സൻ തില്ലങ്കേരിയാണ് കലക്കിയതെന്നു പറഞ്ഞിട്ട് അയാൾക്കെതിരെ കേസെടുത്തോ? മന്ത്രിമാരോട് പൊലീസ് പോകേണ്ടെന്നു പറഞ്ഞ സ്ഥലത്തേക്ക് സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപിയെ ആർ.എസ്.എസ് നേതാവിന്റെ അകമ്പടിയോടെ, മുന്നിലും പിന്നിലും പൊലീസുമായി നാടകീയമായി രംഗത്തിറക്കി. സുരേഷ് ഗോപിക്ക് സിനിമയിൽ പോലും അഭിനയിക്കാത്ത തരത്തിൽ നാടകീയമായി രംഗത്തെത്താൻ രക്ഷകവേഷം കെട്ടിച്ചത് ആരാണെന്നും അദ്ദേഹം ചോദിച്ചു.